പി.പി മുകുന്ദന് പിറന്ന നാടിന്റെ യാത്രാമൊഴി, ഇനി രാഷ്ട്രീയകേരളത്തിന്റെ മനസിലെ ദീപ്തസ്മരണ

കണ്ണൂര്‍: ബി.ജെ.പിയുടെ തലമുതിര്‍ന്ന നേതാവും ആര്‍. എസ്. എസ് പ്രചാരകുമായിരുന്നു പി.പി മുകുന്ദന്റെ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ മണത്തണയിലെ കുളങ്ങരയത്ത് തറവാട് ശ്മശാനത്തില്‍ വ്യാഴാഴ്ച്ചവൈകുന്നേരം അഞ്ചു മണിയോടെ സംസ്‌ക്കരിച്ചു. അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ പി.പി. ചന്ദ്രന്റെ മക്കളായ കിരണ്‍ചന്ദ്, കൃഷ്ണ്‍ചന്ദ് എന്നിവര്‍ ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തി.
ജാര്‍ഖണ്ഡ് ഗവര്‍ണ്ണര്‍ സി. പി. രാധാകൃഷ്ണന്‍, ബി ജെ പി ദേശീയ വൈസ്പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, നേതാക്കളായ പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, എന്‍. ടി .രമേശ് തുടങ്ങി നിരവധി ബി ജെ പി ആര്‍ എസ് എസ് , സംഘപരിവാര്‍ നേതാക്കളും വിവിധ മേഖലകളില്‍ നിന്നുമെത്തിയവരും നാട്ടുകാരുമടങ്ങുന്ന വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ശവസംസ്‌കാര ചടങ്ങുകള്‍ നടന്നത്.
കുടുംബാംഗങ്ങള്‍ക്ക് പുറമെ ബി ജെ പി സംഘപരിവാര്‍ ബന്ധുക്കളും മൃതദേഹത്തില്‍ പട്ടു പുതപ്പിച്ചു. സംഘ പ്രാര്‍ത്ഥനയും ശാന്തി മന്ത്രവും ചൊല്ലി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് വൈകുന്നേരം 4.30 തോടെ മൃതദേഹം വീട്ടില്‍ നിന്നും മുന്നൂറ് മീറ്ററോളം അകലെയുള്ള തറവാട്ട് ശ്മശാനത്തേക്ക് കൊണ്ടുപോയത്. മൃതദേഹം കയറ്റിയ ആംബുലന്‍സിനു പിന്നാലെ നേതാക്കളടക്കം കാല്‍നടയായി ഹരേരാമ മന്ത്രം ജപിച്ചുകൊണ്ട് വിലാപയാത്രയായി നീങ്ങി.
മൃതദേഹം സംസ്‌കാരത്തിനായി ശ്മശാനത്ത് എത്തിച്ച ശേഷമാണ് ജാര്‍ഖണ്ഡ് ഗവര്‍ണ്ണര്‍ സി. പി. രാധാകൃഷ്ണന്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പി.പി. മുകുന്ദന്റെ മരണത്തില്‍ അനുശോചിച്ച് സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം മണത്തണയില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍, കേന്ദ്ര മന്ത്രി വി. മുരളിധരന്‍, ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, ഹിന്ദു എൈക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ബിഎംഎസ് ക്ഷേത്രീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.പി. രാജീവന്‍തുടങ്ങിയവര്‍ സംസാരിച്ചു.