സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം ; ഇന്ന് ഉന്നത തല യോഗം ചേരും

kseb

അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് സമയം കൂട്ടുന്നതടക്കം കടുത്ത തീരുമാനങ്ങളുണ്ടായേക്കും.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നത തല യോഗം ചേരും. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് സമയം കൂട്ടുന്നതടക്കം കടുത്ത തീരുമാനങ്ങളുണ്ടായേക്കും. ഊര്‍ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും. ഇന്നലെ ബോര്‍ഡിന്റെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. നിലവിലുള്ള അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് സമയം കൂട്ടുന്നത് അടക്കം ബോര്‍ഡിന്റെ പരിഗണനയില്‍ ഉണ്ട്.


സംസ്ഥാനത്ത് പീക്ക് ലോഡ് മാനേജ്‌മെന്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പാക്കുക. ബില്ല് കൂടുമോയെന്ന് ഇപ്പോള്‍ ഉറപ്പ് പറയാനാകില്ലെന്നും ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നുമായിരുന്നു വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രതികരണം. ആറ് മണി മുതല്‍ പീക്ക് അവറാണ്. വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടുന്ന സമയം. പീക്ക് അവറില്‍ പതിനഞ്ച് മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ സംസ്ഥാനത്ത് എവിടെയും വൈദ്യുതി മുടങ്ങാം. ഓരോ പ്രദേശത്തും അതാത് ട്രാന്‍സ്‌ഫോര്‍മറുകളുടെ അമിത ലോഡ് നിയന്ത്രിക്കാനാണ് വൈദ്യുതി ക്രമീകരണം. അല്ലെങ്കില്‍ ലോഡ് താങ്ങാനാകാതെ വൈദ്യുതി വിതരണ ശൃംഖല തകരാറിലാകുമെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്. 

Tags