സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ;ഇടുക്കി ഡാമിൽ ജലനിരപ്പ് 35 ശതമാനത്തിലേക്ക് താഴ്ന്നു

Power crisis in the state, water level in Cheidukki dam drops to 35 percent

ഇടുക്കി: സംസ്ഥാനത്ത് വേനൽ ചൂട് റെക്കോർഡുകൾ ഭേദിക്കുന്നതിനിടെ പ്രധാന ഡാമുകളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ താഴുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് ചുരുങ്ങി.

ഇതോടെ വരും ദിവസങ്ങളിൽ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായി. വേനൽ മഴയിലും വരാനിരിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂണിലും കുറവുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ ആശങ്ക ഇരട്ടിയാക്കുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇടുക്കി ഡാമിൽ പത്തടിയോളം വെള്ളത്തിന്റെ കുറവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ ജലനിരപ്പ് 2335 അടിയാണ്. ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു. കടുത്ത ചൂട് കാരണം ജലം ബാഷ്പീകരിച്ചു പോകുന്നതും തിരിച്ചടിയാകുന്നുണ്ട്.

നിലവിൽ ശരാശരി 10 മുതൽ 11 മില്യൺ യൂണിറ്റ് വൈദ്യുതിയാണ് ഡാമിൽ ഉൽപ്പാദിപ്പിക്കുന്നത്. ചൂട് വർദ്ധിച്ചതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം മുൻ വർഷങ്ങളേക്കാൾ ഉയർന്ന നിലയിലാണ്. എസി, കൂളർ എന്നിവയുടെ അമിത ഉപയോഗം ലോഡ് വർദ്ധിപ്പിക്കുന്നുണ്ട്.

പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. അണക്കെട്ടുകളിലെ ജലനിരപ്പ് ഇനിയും കുറയുകയാണെങ്കിൽ പീക്ക് അവറുകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ജനങ്ങൾ വൈദ്യുതി ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
 

Tags