സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്
എ.സിയുടെ താപനില 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയായി ക്രമീകരിക്കുന്നത് വൈദ്യുതി പ്രതിസന്ധി കുറയ്ക്കാനും ഉയർന്ന വൈദ്യുതി ബില്‍ ഒഴിവാക്കാനും സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം.സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡുകള്‍ ഭേദിച്ച് കുതിച്ചുയരുന്നു.ഏപ്രില്‍ 23-ന് രാത്രിയില്‍ വൈദ്യുതി ആവശ്യകത 6195 മെഗാവാട്ട് വരെ ഉയർന്നതോടെ സംസ്ഥാനത്തെ പ്രസരണ-വിതരണ ശൃംഖലകള്‍ കടുത്ത സമ്മർദ്ദത്തിലാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
വൈകുന്നേരം 6 മണി മുതല്‍ രാത്രി 11 വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണ് നിർദ്ദേശം. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും ഇലക്‌ട്രിക് വാഹന ചാർജിംഗും ഈ സമയത്ത് ഒഴിവാക്കി മറ്റു സമയങ്ങളിലേക്ക് മാറ്റാൻ ശ്രദ്ധിക്കണം.
കൂടാതെ, എ.സിയുടെ താപനില 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയായി ക്രമീകരിക്കുന്നത് വൈദ്യുതി പ്രതിസന്ധി കുറയ്ക്കാനും ഉയർന്ന വൈദ്യുതി ബില്‍ ഒഴിവാക്കാനും സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം
സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു.രാത്രികാലങ്ങളില്‍ 15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് വാക്കാല്‍ നിര്‍ദേശം നല്‍കി. മലബാര്‍ മേഖലയിലെ ചില ഭാഗങ്ങളില്‍ ഒരാഴ്ച മുന്‍പു തന്നെ ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിരുന്നു. പിന്നാലെ തിരുവിതാംകൂര്‍, കൊച്ചി മേഖലകളിലും 10-15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് തുടങ്ങി.
എന്നാല്‍, ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാന്‍ ചില നിര്‍ദേശങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുകയാണെന്നാണ് എസ്‌ഇബി അധികൃതര്‍ പറയുന്നത്. ചൂട് വരും ദിവസങ്ങളിലും തുടര്‍ന്നാല്‍ 30 മിനിറ്റ് വരെയുള്ള നിയന്ത്രണങ്ങള്‍ രാത്രിയില്‍ വേണ്ടി വന്നേക്കാമെന്നാണ് സൂചന.
.jpg)

