അയ്യപ്പസ്വാമിയെ ലോകത്തിന് മുന്നില്‍ അവഹേളിക്കുന്ന പാരഡി , 'പോറ്റിയെ കേറ്റിയേ' സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കണമെന്ന് പരാതി ; പ്രാഥമികാന്വേഷണം നടത്തും

Complaint to remove 'Potiye Ketiye', a parody that insults Ayyappa Swamy in front of the world, from social media; Preliminary investigation to be conducted
Complaint to remove 'Potiye Ketiye', a parody that insults Ayyappa Swamy in front of the world, from social media; Preliminary investigation to be conducted


പത്തനംതിട്ട: പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനം സോഷ്യല്‍മീഡിയയില്‍ നിന്ന് നീക്കണമെന്ന് തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല. അയ്യപ്പസ്വാമിയെ ലോകത്തിന് മുന്നില്‍ അവഹേളിക്കുന്ന പാരഡിയാണിതെന്നും അണിയറ പ്രവര്‍ത്തകരുടെ ചേതോവികാരം പരിശോധിക്കണമെന്നും പ്രസാദ് കുഴിക്കാല പറഞ്ഞു. പാരഡിക്കെതിരെ കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

tRootC1469263">

അയ്യപ്പഭക്തര്‍ ഏറ്റവും ഭക്തിയോടെ കാണുന്ന ഗാനമാണ് പാരഡിക്കായി ഉപയോഗിച്ചതെന്നും പാട്ടിനകത്ത് പാരഡി കൊണ്ടുവന്ന് അയ്യപ്പാ അയ്യപ്പാ എന്ന് പാടുന്നത് ഭക്തര്‍ക്ക് വലിയ പ്രയാസമുണ്ടാക്കിയെന്നും പ്രസാദ് പറയുന്നു. പാര്‍ലമെന്റിന് പുറത്ത് എംപിമാര്‍ പാടിയതോടെ പാരഡിക്ക് ആഗോളശ്രദ്ധകിട്ടുകയും അയ്യപ്പനെ ലോകത്തിന് മുന്നില്‍ അപമാനിക്കുന്നതിന് കാരണമായെന്നും പ്രസാദ് പറയുന്നു. പിന്നാലെയാണ് പരാതി നല്‍കിയതെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.

'തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ചതിനേക്കാള്‍ മോശമാണ് ലോകം മുഴുവന്‍ വൈറലാക്കിയത്. ആര് പ്രചരിപ്പിച്ചാലും വിഷയമല്ല. പാട്ടില്‍ നിന്നും അയ്യപ്പസ്വാമിയുടെ പേര് മാറ്റണം. സോഷ്യല്‍മീഡിയയില്‍ നിന്നും നീക്കണം. ഉദ്ദേശശുദ്ധി അന്വേഷിക്കണം. അണിയറപ്രവര്‍ത്തകരുടെ ചേതോവികാരം പരിശോധിക്കണം', പ്രസാദ് പറഞ്ഞു.

പ്രസാദ് ഡിജിപിക്ക് നല്‍കിയ പരാതി എഡിജിപിക്ക് കൈമാറിയിരിക്കുകയാണ്. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തും. വിശ്വാസത്തെ വൃണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പാട്ടിലുണ്ടോയെന്ന് പരിശോധിക്കും. എന്നാല്‍ നിയമോപദേശം ലഭിച്ചശേഷം മാത്രമെ കേസെടുക്കാനാകൂ. 'പോറ്റിയെ കേറ്റിയെ സ്വര്‍ണം ചെമ്പായി മാറിയെ' എന്ന പാരഡി ഗാനമാണ് വിവാദത്തിനിടയാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിലുടനീളം യുഡിഎഫ് ഈ ഗാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. പാട്ടിനെതിരെ എ എ റഹീം എം പി രംഗത്ത് വന്നിരുന്നു. 

തെരഞ്ഞെടുപ്പിലുടനീളം എല്‍ഡിഎഫ് ക്ഷേമവും വികസനവും പറയാന്‍ ശ്രമിച്ചപ്പോള്‍ യുഡിഎഫ് പ്രചാരണത്തിനായി ഉപയോഗിച്ചത് വിശ്വാസമാണെന്നും അനൗണ്‍സ്മെന്റില്‍ പോലും ശരണമന്ത്രം നിറയക്കാനാണ് അവര്‍ ശ്രമിച്ചതെന്നുമായിരുന്നു റഹീമിന്റെ വിമര്‍ശനം. പാര്‍ലമെന്റില്‍ കേരളത്തിലെ കോണ്‍ഗ്രസ് എം പിമാര്‍ പാരഡി പാട്ട് പാടി രസിക്കുകയാണെന്ന് മന്ത്രി എം ബി രാജേഷും കുറ്റപ്പെടുത്തിയിരുന്നു.

Tags