സ്‌ഫോടനത്തിന് കാരണം പൊട്ടാസ്യം ക്ലോറേറ്റ്; 16 ജീവനുകള്‍ നഷ്ടപ്പെട്ട മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട്

Mundathikode fireworks tragedy; One more person dies after undergoing treatment, death toll rises to 17

അപകടസ്ഥലത്ത് അളവില്‍ കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ അനധികൃതമായി സൂക്ഷിച്ചിരുന്നതായി കമ്മീഷന്‍ കണ്ടെത്തി.

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്‌ഫോടനത്തിന് കാരണം പൊട്ടാസ്യം ക്ലോറേറ്റ് ആണെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. നിരോധിത സ്‌ഫോടകവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് വ്യാപകമായി വെടിമരുന്ന് നിര്‍മ്മാണത്തിന് ഉപയോഗിച്ചുവെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം നടന്ന് ആറ് മാസത്തിന് ശേഷമാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.


അപകടസ്ഥലത്ത് അളവില്‍ കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ അനധികൃതമായി സൂക്ഷിച്ചിരുന്നതായി കമ്മീഷന്‍ കണ്ടെത്തി. 15 കിലോ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കാനാണ് അനുമതി ഉണ്ടായിരുന്നത് എന്നിരിക്കെ, 7000 കിലോ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചു എന്നാണ് കണ്ടെത്തല്‍. ചൂട് കൂടിയ കാലാവസ്ഥയില്‍ രാസവസ്തുക്കള്‍ തമ്മിലുണ്ടായ ഘര്‍ഷണം തീപിടിത്തത്തിലേക്ക് നയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ഏപ്രില്‍ 21ന് മുണ്ടത്തിക്കോട്ടെ തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ നടന്ന അപകടത്തില്‍ 16 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തൃശൂര്‍ പൂരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ദുരന്തം. തിരുവമ്പാടിയുടെ ലൈസന്‍സിയായ മുണ്ടത്തിക്കോട് സതീശന്‍ ഉള്‍പ്പെടെ ഉള്ളവരാണ് മരിച്ചത്. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന് ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ അന്വേഷണത്തിനായി നിയോഗിച്ചത്. അപകടത്തിന് പിന്നാലെ ദുരന്തഭൂമി സന്ദര്‍ശിച്ച ജസ്റ്റിസ് രാമചന്ദ്രന്‍, പരിക്കേറ്റവരെയും കണ്ടിരുന്നു.

Tags