നിപ വൈറസ് വ്യാജസൃഷ്ടിയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു ; യുവാവിനെതിരെ കേസെടുത്തു

നിപ വൈറസ് വ്യാജസൃഷ്ടിയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് പോലീസ്. കൊയിലാണ്ടി പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി സ്വദേശി അനില്‍ കുമാറിനെതിരെയാണ് ഐടി ആക്ട് പ്രകാരം കേസെടുത്തത്.
നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നില്‍, വന്‍കിട ഫാര്‍മസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു അനില്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.
സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചെങ്കിലും അനില്‍ കുമാറിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. പോസ്റ്റിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകള്‍ പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം. നിപയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഇത്തരം വ്യാജവാര്‍ത്തകളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.