നിയമം ലംഘിച്ച് പൊന്നാനിയിൽ മത്സ്യബന്ധന വള്ളത്തിൽ ഉല്ലാസയാത്ര

പൊന്നാനി : താനൂരിൽ അനധികൃത സർവിസ് നടത്തിയ ഉല്ലാസ ബോട്ട് മറിഞ്ഞ് 22 ജീവൻ പൊലിഞ്ഞ് ആഴ്ചകൾ പിന്നിടുന്നതിനിടെ നിയമം ലംഘിച്ച് മത്സ്യബന്ധന വള്ളം സ്ത്രീകളും കൈക്കുഞ്ഞുമുൾപ്പടെയുള്ളവരുമായി ഉല്ലാസയാത്ര നടത്തി. തിരൂർ പടിഞ്ഞാറെക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ചെറുവഞ്ചിയിലാണ് ഏഴ് പേരടങ്ങുന്ന സംഘം ഉല്ലാസയാത്ര നടത്തിയത്.
പടിഞ്ഞാറെക്കരയിൽനിന്ന് ഭാരതപ്പുഴയും അറബിക്കടലും സംഗമിക്കുന്ന അഴിമുഖം വഴി ഭാരതപ്പുഴയിലെ കർമ റോഡിനരികിലേക്കാണ് സംഘം യാത്ര ചെയ്തത്.താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ഉല്ലാസ ബോട്ടുകളുടെ സർവിസ് നിർത്തിവെച്ചിരുന്നു. ഇതിനിടെയാണ് മത്സ്യബന്ധനത്തിന് മാത്രമുപയോഗിക്കേണ്ട ചെറുവഞ്ചിയിൽ യാത്രക്കാരുമായി സർവിസ് നടത്തിയത്.
സംഭവം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ഫിഷറീസ് വകുപ്പ് വഞ്ചിയെ പിന്തുടർന്നെങ്കിലും ഇവർ വേഗത്തിൽ തിരികെ മടങ്ങിയതിനാൽ പിടികൂടാനായില്ല. വള്ളമുടമയുമായി ഫിഷറീസ് വകുപ്പ് ബന്ധപ്പെട്ട് വള്ളവും തൊഴിലാളികളേയും ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.നിയമലംഘനം നടത്തിയ ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരികരിക്കുമെന്ന് ഫിഷറീസ് അഡീഷനൽ ഡയറക്ടർ സുനീർ പറഞ്ഞു.