പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറിയ കേസിലെ പ്രധാന പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകി
May 25, 2023, 12:12 IST

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറിയ കേസിലെ പ്രധാന പ്രതി നാരായണൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. പത്തനംതിട്ട സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. നാരായണൻ ഇപ്പോഴും ഒളിവിലാണ്. പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കടന്നതിനെ തുടർന്ന് അങ്ങോട്ടുള്ള പ്രവേശനം നിയന്ത്രിച്ച് ഹൈക്കോടതി ഉത്തരവിറങ്ങിയിരുന്നു.
ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ആരും പൊന്നമ്പലമേട്ടിലേക്ക് പ്രവേശിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. പൊന്നമ്പല മേട്ടിൽ അനധികൃത പൂജ നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് നിർദേശം. പൂജ നടത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊലീസിനോട് ദേവസ്വം ബെഞ്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു.