പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ ചെയ്ത സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ

google news
ponnambalamed

പത്തനംതിട്ട: മകരവിളക്ക് തെളിക്കുന്ന അതീവ സുരക്ഷാമേഖലയായ ശബരിമല പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ ചെയ്ത സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. പൂജയുടെ ഇടനിലക്കാരനായ കുമളി ആനവിലാസം സ്വദേശി കണ്ണൻ എന്നയാളാണ് അറസ്റ്റിലായത്.

മകരജ്യോതി തെളിക്കുന്ന സിമന്‍റ് തറയിലിരുന്ന് പൂജ ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംഭവത്തിൽ പൊന്നമ്പലമേട് ഉൾപ്പെടുന്ന പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിൽ അതിക്രമിച്ച് കയറിയതിന് വനം വകുപ്പ് പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷൻ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ അറസ്റ്റിലായ രണ്ടു പേർ റിമാൻഡിലാണ്.

പ്രദേശവാസികൾ വിളിച്ചതിനാലാണ് എത്തിയതെന്ന് പൂജാരി തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നാരായണ സ്വാമി പ്രതികരിച്ചിരുന്നു. ബസിൽ ഗവി വഴി സ്ഥലത്തെത്തി പ്രദേശത്തെ വാച്ചർമാരുടെ സഹായത്തോടെയാണ് പൊന്നമ്പലമേട്ടിൽ എത്തിയതെന്നും സ്വാമി പറഞ്ഞിരുന്നു.

മൂഴിയാര്‍ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് പ്രദേശം. നാലു വർഷമായി പ്രദേശം കാമറ നിരീക്ഷണത്തിലാണ്. വനം വകുപ്പ് ജീവനക്കാരുടെ ഒത്താശയോടെയാണ് നാലംഗ സംഘം ഇവിടെ എത്തിയതെന്നാണ് സൂചന.

Tags