തിരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം ഉൾപ്പെടെയുള്ള ഔദ്യോഗിക വിവരങ്ങൾ അടിയന്തരമായി പുറത്തുവിടണം : തിരഞ്ഞെടുപ്പ് കമീഷന് കത്തയച്ച് വി.ഡി സതീശൻ
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം ഉൾപ്പെടെയുള്ള ഔദ്യോഗിക വിവരങ്ങൾ അടിയന്തരമായി പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തയച്ചു. വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിങ് കണക്കുകളോ വോട്ട് ശതമാനമോ പോസ്റ്റൽ വോട്ടിങ് നിലയോ വെബ്സൈറ്റിൽ ലഭ്യമാക്കാത്തത് സുതാര്യതയെ ബാധിക്കുമെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൊതുജനവിശ്വാസം നിലനിർത്താനും കൃത്യമായ വിശകലനങ്ങൾക്കും ആധികാരികമായ വിവരങ്ങൾ അനിവാര്യമാണെന്നും, അതിനാൽ കാലതാമസം ഒഴിവാക്കി പൂർണ്ണമായ കണക്കുകൾ ഉടൻ പ്രസിദ്ധീകരിക്കാൻ കമ്മിഷൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏപ്രിൽ ഒമ്പതിന് നടന്ന വോട്ടെടുപ്പിന്റെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വൈകുന്നതിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ.
രണ്ട് ദിവസത്തിനകം കമീഷൻ കണക്ക് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ വെള്ളിയാഴ്ച അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ജില്ല കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിക്കുന്നതിലെ കാലതാമസമാണ് വൈകാൻ കാരണമായി കമീഷൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പോസ്റ്റൽ, സർവിസ് വോട്ടുകൾ ഉൾപ്പെടെ ചേരുന്നതോടെയാണ് അന്തിമ പോളിങ് കണക്കുകൾ തയാറാക്കാൻ സാധിക്കുന്നത്. പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇരുപതിനായിരത്തിലധികം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്ന പരാതി നിലനിൽക്കുമ്പോഴാണ് ഇവരുടെ കണക്ക് കൂടി വ്യക്തമാകുന്ന അന്തിമ കണക്കിൽ കമീഷൻറെ ‘ചവിട്ടിപിടുത്തം’.
വോട്ട് രേഖപ്പെടുത്താനുള്ള അവസരം നിഷേധിച്ചതിനെതിരെ ജീവനക്കാരുടെ സംഘടനകൾ കോടതിയിലേക്ക് നീങ്ങിയിട്ടുണ്ട്. അവസാന നിമിഷം ഒട്ടേറെ സർക്കാർ ജീവനക്കാർക്ക് പോളിങ് ഡ്യൂട്ടി നൽകിയതാണ് ഇവർക്ക് ബാലറ്റ് നൽകുന്നതിൽ വീഴ്ച വരാൻ കാരണമായത്. ആകെ വോട്ട് ചെയ്തവരുടെ എണ്ണത്തിൽ ഇനിയും വ്യക്തത വരാത്തത് രാഷ്ട്രീയ പാർട്ടികളുടെ കണക്ക് കൂട്ടലിനെയും ബാധിച്ചിട്ടുണ്ട്. അവസാനം പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം സംസ്ഥാനത്തെ പോളിങ് ശതമാനം 78.27 ആണ്. സർവിസ്, പോസ്റ്റൽ വോട്ടുകൾ കൂടി ചേരുന്നതോടെ ഇത് 80 ശതമാനത്തിന് മുകളിലെത്തുമെന്നാണ് പ്രതീക്ഷ.
.jpg)

