ബേപ്പൂര്‍ മണ്ഡലത്തില്‍ രാഷ്ട്രീയ വിശ്വാസ്യത ഒരു പ്രത്യേക തെരഞ്ഞെടുപ്പ് വിഷയമായി വരും : മുഹമ്മദ് റിയാസ്
കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തില്‍ രാഷ്ട്രീയ വിശ്വാസ്യത ഒരു പ്രത്യേക തെരഞ്ഞെടുപ്പ് വിഷയമായി വരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി എ മുഹമ്മദ് റിയാസ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ, പരമ്പരാഗതമായി യുഡിഎഫിന് വോട്ട് ചെയ്യുന്നവര്‍ പോലും ഇത്തവണ എല്‍ഡിഎഫിന് ഒരു വോട്ട് ചെയ്യുമെന്ന് റിയാസ് പറഞ്ഞു.
കോണ്‍ഗ്രസ് ഉന്നയിക്കുന്ന സിപിഐഎം-ബിജെപി ഡീല്‍ ആരോപണം ബേപ്പൂരില്‍ ബാധിക്കില്ലെന്ന് റിയാസ് പറഞ്ഞു. 'ഡീല്‍ ആരോപണം ഒരിക്കലും ജനങ്ങളെ സ്വാധീനിക്കില്ല. നമ്മള്‍ ചവിട്ടുന്ന മണ്ണ് ബേപ്പൂരാണ്. 1991ലെ കോലീബി കണ്ട മണ്ണാണ്. അവിടുന്ന് ഇങ്ങോട്ടുള്ള ഡീല്‍ എടുത്ത് നോക്കിയാല്‍ മനസിലാകും. ഇപ്പോള്‍ നടക്കുന്ന ഡീല്‍ പ്രചരണത്തിനുള്ള മറുപടിയാണ് ബേപ്പൂര്‍', റിയാസ് പറഞ്ഞു.
അധികാരത്തില്‍ വരാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം ഏത് നിലപാടും സ്വീകരിക്കുമെന്നും മതനിരപേക്ഷതയുടെ കാര്യത്തില്‍ വാചക കസര്‍ത്തല്ല നിലപാടാണ് വേണ്ടതെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമത്തില്‍ ഒരു പരിചയാണ് നേറ്റിവിറ്റി കാര്‍ഡ്. അത് ഇന്ത്യയില്‍ ആകെ ഇറക്കിയത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണ്. എന്താണ് കര്‍ണാടകയിലും തെലങ്കാനയിലും അത് ഇറക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് വിജ്ഞാപനം ഇറക്കിയ ഏക സംസ്ഥാനം കേരളമാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
.jpg)


