പൊലീസുകാരന്‍റെ ബൈക്ക് കത്തിച്ച സംഭവം; രണ്ട് യുവതികൾ അറസ്റ്റിൽ, വ്യക്തിപരമായ പ്രശ്നങ്ങളെന്ന് നിഗമനം

Policeman's bike burnt; Two women arrested, personal issues suspected

കൊല്ലം: കൊല്ലത്ത‌് സിവിൽ പൊലീസ് ഓഫിസറുടെ ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. ശൂരനാട് സ്വദേശി ആരതി രാജ് (26), ഇടുക്കി സ്വദേശി ഗായത്രി (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആറന്മുള സ്റ്റേഷനിലെ പൊലീസ് ഓഫിസർ വിവേകിന്‍റെ ബൈക്കാണ് ശനിയാഴ്ച കത്തി നശിച്ചത്. പുനലൂർ കോളെജിൽ മൂന്നു വർഷം മുൻപ് പൊലീസുകാർ വിദ്യാർഥി സംഘടനാ പ്രവർത്തകരെ തല്ലിയതിനു പ്രതികാരമാണെന്നുള്ള കുറിപ്പും സമീപത്തു തന്നെയുണ്ടായിരുന്നു.

ആർച്ചൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതികൾ സ്ത്രീകളാണെന്ന് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത പ്രതി ആരതിയെ വിഷം കഴിച്ചതിനെത്തുടർന്ന് പാരിപ്പള്ളി ഗവൺമെന്‍റ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരതിയും വിവേകും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് ബൈക്ക് കത്തിക്കാൻ ഇടയാക്കിയതെന്നാണ് പൊലീസിന്‍റെ നിഗമനം.

ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നുവെങ്കിലും മുടങ്ങിപ്പോയിരുന്നു. അതിനെച്ചൊല്ലിയുള്ള കലഹമാണ് ബൈക്ക് കത്തിക്കുന്നതിൽ എത്തിയത്. അന്വേഷണം വിദ്യാർഥി സംഘടനകളിലേക്ക് തിരിച്ചു വിടാനായാണ് കുറിപ്പെഴുതി വച്ചതെന്നും വ്യക്തമായി. ബൈക്കിന് തീയിട്ടതിനു ശേഷം വീടിന്‍റെ പടിയിൽ കരിഓയിലും ഒഴിച്ചാണ് യുവതികൾ മടങ്ങിയത്. തിരിച്ച് പോയ ഓട്ടോയ്ക്ക് ഗൂഗിൾ പേ വഴിയാണ് പണം നൽകിയത്. സിസിടിവിയിൽ കണ്ടതു പ്രകാരം ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തിരുന്നു. യുവതികളെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

Tags