ബൈക്കിൽ പറന്നുനടന്ന് മാലപൊട്ടിക്കൽ; ഉത്തരേന്ത്യൻ മോഷ്ടാക്കളെ സാഹസികമായി പിടികൂടി പോലീസ്

Police arrest North Indian thieves for stealing goods while riding a bike
Police arrest North Indian thieves for stealing goods while riding a bike

ആലുവ: ബൈക്കിൽ പറന്നുനടന്ന് മാലപൊട്ടിച്ച ഉത്തരേന്ത്യൻ മോഷ്ടാക്കളെ സാഹസികമായി പിടികൂടി അകത്താക്കി പോലീസ്. ഉത്തർപ്രദേശ് ഫത്തേപുർ സ്വദേശി ആരിഫ് (34), ഡൽഹി ശാസ്ത്രിവിഹാർ സ്വദേശി ഫൈസൽ (28) എന്നിവരെയാണ് ആലുവ പോലീസ് തോട്ടയ്ക്കാട്ടുകരയിൽവെച്ച് റോഡുവളഞ്ഞ് വലയിലാക്കിയത്.

tRootC1469263">

വെള്ളിയാഴ്ച പുലർച്ചെയാണ് ഇവർ ഡൽഹിയിൽനിന്നും ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയത്. അവിടെ പാർക്ക് ചെയ്ത ഒരു ബൈക്ക് മോഷ്ടിച്ച് കമ്പനിപ്പടിയിലെത്തി. അവിടെനിന്ന് യാത്രക്കാരിയുടെ മാല പൊട്ടിച്ച് ചെങ്ങമനാട് ഭാഗത്തേക്ക് കടന്നു. അവിടെ പാലപ്രശ്ശേരി, മേക്കാട് എന്നിവിടങ്ങളിൽ മാല പൊട്ടിച്ചു. തുടർന്ന് നെടുമ്പാശ്ശേരിയിലെത്തി. അവിടെ ഒരു മാല പൊട്ടിക്കുകയും മറ്റൊന്ന് പൊട്ടിക്കാൻ ശ്രമം നടത്തുകയും ചെയ്തു.

സംഭവമറിഞ്ഞ ഉടൻ റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ പ്രത്യേക പോലീസ് ടീം നിരത്തിലിറങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വിവരം ശേഖരിച്ച ശേഷം നിരത്തുകൾ അടച്ച് പരിശോധന തുടങ്ങി. ഊടുവഴികളിലും മറ്റും അന്വേഷണം ഊർജിതമാക്കി. ഒടുവിൽ ആലുവ ഭാഗത്തേക്കുവന്ന മോഷ്ടാക്കളെ പിൻതുടർന്ന് തോട്ടയ്ക്കാട്ടുകരയിൽവെച്ച് വളഞ്ഞുപിടിക്കുകയായിരുന്നു. പിടികൂടുന്നതിനിടയിൽ രക്ഷപ്പെടാൻ ശ്രമമുണ്ടായെങ്കിലും കീഴ്പെടുത്തി വാഹനത്തിൽ കയറ്റി. രണ്ടിടങ്ങളിൽനിന്ന് ഇവർ പൊട്ടിച്ചെടുത്തത് മുക്കുപണ്ടങ്ങളായിരുന്നു.

ഇവരുടെ ബാഗിൽനിന്ന് കുരുമുളക് സ്പ്രേ, സ്വർണം തൂക്കുന്ന ത്രാസ്, വാഹനങ്ങൾ മോഷ്ടിക്കാനുപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. പൊട്ടിച്ച സ്വർണവും കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ ഇവരുടെ പേരിൽ വധശ്രമം, മാല പൊട്ടിക്കൽ തുടങ്ങി നിരവധി കേസുകളുണ്ട്. ജയിലിൽ വെച്ചാണ് രണ്ടുപേരും പരിചയപ്പെട്ടത്. രാവിലെ വന്നിറങ്ങി മാലകൾ പൊട്ടിച്ച് രാത്രി തിരിച്ചു പോകാനായിരുന്നു പദ്ധതി. ഡിവൈഎസ്‌പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്‌ഐമാരായ കെ. നന്ദകുമാർ, എസ്.എസ്. ശ്രീലാൽ, ബി.എം. ചിത്തുജി, സുജോ ജോർജ് ആന്റണി, ടി. അനൂപ്, ആർ. ബിൻസി എന്നിവർ നേതൃത്വം നൽകി.
 

Tags