സെക്സ് റാക്കറ്റ് കേസ് ; ഒന്നാം പ്രതി സിന്ധുവിന് ഗുണ്ടാബന്ധമെന്ന് റിമാൻഡ് റിപ്പോർട്ട്
മോഡലിങ്ങിന്റെ മറവിൽ യുവതികളെ സെക്സ് റാക്കറ്റിൽ കുടുക്കിയ കേസിലെ മുഖ്യ ആസൂത്രകയും ഒന്നാം പ്രതിയുമായ സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത സിന്ധുവിനെതിരെ നിർണ്ണായകമായ തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ യുവതിക്ക് ലഹരി കലർത്തിയ പാനീയം നൽകിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഈ ക്രൂരതയുടെ ദൃശ്യങ്ങൾ സിന്ധു നേരിട്ടാണ് മൊബൈലിൽ പകർത്തിയത്. പിന്നീട് ഈ ദൃശ്യങ്ങൾ പരാതിക്കാരിയുടെ ഭർത്താവിന്റെ ഫോണിലേക്ക് അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുപുറമെ, കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന യുവതികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ചുകൊടുത്ത്, അവരെ വിൽക്കുന്നതിനായി വിലപേശൽ നടത്തുന്നതിന്റെ വാട്സ്ആപ്പ് ചാറ്റുകളും സ്ക്രീൻ ഷോട്ടുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
അഞ്ചംഗ സംഘമാണ് ഈ കേസിന് പിന്നിലുള്ളത്. ഇതിൽ ഒന്നാം പ്രതിയായ സിന്ധു ഉൾപ്പെടെ മൂന്നുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. വിദേശത്തേക്ക് കടന്ന രണ്ടും അഞ്ചും പ്രതികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു കഴിഞ്ഞു. പരാതിക്കാരിയെ ചൂരൽ ഉപയോഗിച്ച് മർദ്ദിച്ചതിനും, അഞ്ചാം പ്രതിയുടെ കൊലവിളി ഭീഷണി സംബന്ധിച്ചും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സിന്ധുവിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതോടെ വരും ദിവസങ്ങളിൽ ഈ കേസിൽ കൂടുതൽ ഇരകൾ പരാതിയുമായി എത്തുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
.jpg)

