കണ്ണൂരിലെ സിപിഎം നേതാക്കളുടെ വീടുകൾക്ക് മുന്നിലുള്ള പൊലീസ് സുരക്ഷ പുനരന്വേഷിക്കണം; ആഭ്യന്തരമന്ത്രിക്ക് കെ.എസ്.യു പരാതി നൽകി
കണ്ണൂർ: ജില്ലയിലെ സിപിഎം നേതാക്കളുടെ വീടുകൾക്ക് മുന്നിലുള്ള പൊലീസ് സുരക്ഷ പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കെ.എസ്.യു പരാതി നൽകി. എ.എൻ. ഷംസീർ, ഇ.പി. ജയരാജൻ, പി. ജയരാജൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എന്നിവരുടെ വസതിക്ക് മുന്നിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് ആവശ്യം. കൃത്യമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണോ ഇത്തരം വിന്യാസമെന്ന് പരിശോധിക്കണമെന്നും കെ.എസ്.യു ജില്ല പ്രസിഡന്റ് എം.സി. അതുൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
മുൻ സ്പീക്കർ എ.എൻ. ഷംസീർ നിലവിൽ കണ്ണൂരിലാണ് താമസിക്കുന്നതെന്നും തലശ്ശേരിയിലെ അവരുടെ വസതിക്ക് മുന്നിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ വെറുതെയിരിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവിന്റെ വസതിയിൽ എട്ട് പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യമുണ്ടോയെന്ന് പരിശോധിക്കണം. സേനയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ലഭ്യതയിൽ ഉൾപ്പെടെ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ എം.എൽ.എമാർ പോലുമല്ലാത്ത ഇ.പി. ജയരാജൻ, എ.എൻ. ഷംസീർ, പി. ജയരാജൻ എന്നിവരുടെ ഉൾപ്പെടെ വസതിക്ക് മുന്നിൽ പോലീസ് ഉദ്യോഗസ്ഥരുടെ വിന്യാസം കൃത്യമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണോയെന്ന് പരിശോധിക്കണം. സുരക്ഷ ഉദ്യോഗസ്ഥരുടെ വിന്യാസത്തിൽ കൃത്യമായ മാനദണ്ഡം ഉറപ്പാക്കണമെന്നും പരാതിയിൽ പറയുന്നു.
അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ പിണറായി പാണ്ട്യാലമുക്കിലെ വീടിന് മുന്നിലെ പൊലീസ് ജീപ്പ് മാറ്റിയെങ്കിലും പൊലീസുകാരുടെ ദുരിതം അവസാനിക്കുന്നില്ല. പകരം സംവിധാനമേർപ്പെടുത്താതെ ജീപ്പ് മാറ്റിയതാണ് പൊലീസുകാർക്ക് ഇരുട്ടടിയായത്. വീടിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് മഴയത്ത് ജീപ്പിൽ കയറി ഇരിക്കാമെങ്കിലും ഇനിയത് പറ്റില്ല.
റോഡരികിൽ മതിലിനോടു ചേർത്തായിരുന്നു ജീപ്പ് സ്‌റ്റേഷൻ. കണ്ണൂർ എ.ആർ ക്യാമ്പിലെ രണ്ട് എസ്.ഐ, ആറു സിവിൽ പൊലീസ് ഓഫിസർമാർ എന്നിവർക്കായിരുന്നു ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഡ്യൂട്ടിയുണ്ടായിരുന്നത്. ഒരു എസ്.ഐയും രണ്ട് പൊലീസുകാരുമാണ് ഒരുസമയം ഡ്യൂട്ടിക്കുണ്ടാവുക. പ്രാഥമികകൃത്യങ്ങൾക്കു പോലും സൗകര്യമില്ലാതെ, പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോൾ തന്നെ വർഷങ്ങളായി ഇവിടെ കഷ്ടപ്പെടുകയായിരുന്നു പൊലീസുകാർ. പിണറായി വിജയന്റെ വീട്ടിൽ ഔട്ട് ഹൗസ് ഉണ്ടെങ്കിലും അവിടത്തെ സൗകര്യം പൊലീസുകാർക്ക് ഉപയോഗിക്കാൻ പറ്റുമായിരുന്നില്ല.
റസിഡൻസ് ഡ്യൂട്ടി ചെയ്യുന്നവർ ശുചിമുറി സൗകര്യത്തിന് സമീപത്തെ വീടുകളെയാണ് ആദ്യം ആശ്രയിച്ചിരുന്നത്. പിണറായിയിൽ പുതിയ പൊലീസ് സ്‌റ്റേഷൻ വന്നതോടെ ശുചിമുറി സൗകര്യം അവിടെയായി. ഇപ്പോൾ പ്രതിപക്ഷ നേതാവായി തുടരുന്ന പിണറായിയുടെ വീടിന്‍റെ 800 മീറ്റർ അകലെയാണ് പിണറായി പൊലീസ് സ്‌റ്റേഷൻ. ആദ്യമെത്തിച്ച പൊലീസ് ജീപ്പിൽ പാമ്പ് കയറിയതോടെ, കൊണ്ടുവന്ന ജീപ്പാണ് ഇപ്പോൾ മാറ്റിയത്.
പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സ്‌റ്റേറ്റ് സെക്യൂരിറ്റി കമീഷന്‍റെ പുനഃപരിശോധനയെത്തുടർന്ന് തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞമാസം കണ്ണൂരിൽ വ്യക്തമാക്കിയിരുന്നു. കമീഷന്‍റെ പുനഃപരിശോധനയെത്തുടർന്നാണ് ജീപ്പ് മാറ്റിയതെന്ന് സിറ്റി പൊലീസ് കമീഷണർ വിജയ്ഭരത് റെഡ്‌ഢി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസുകാർക്ക് വിശ്രമസൗകര്യം പിണറായി സ്‌റ്റേഷനിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
.jpg)

