കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാനൊരുങ്ങി പൊലീസ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാനൊരുങ്ങി പൊലീസ്. സുരക്ഷാ വീഴ്ചകള്‍ പതിവാകുന്നുവെന്ന് ആശുപത്രി അധികൃതരുടെ പരാതിക്കു പിന്നാലെയാണ് നടപടി.
ആശുപത്രിയിലും പരിസരങ്ങളിലും കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി. നിലവില്‍ സുരക്ഷാ പ്രശ്‌നം രൂക്ഷമായ മേഖലകളിലെല്ലാം കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആശുപത്രി വികസന സമിതിയുമായും ഡോക്ടര്‍മാരുമായും വിദ്യാര്‍ത്ഥികളുമായും കൂടിയാലോചിച്ചുക്കൊണ്ടുള്ള നടപടികളാണ് കൈകൊള്ളാന്‍ ഉദ്ദേശിക്കുന്നത്. സാമൂഹ്യ വിരുദ്ധര്‍ കടന്നെത്തുന്നത് കര്‍ശനമായും തടയും. പൊലീസ് പട്രോളിങ് ക്യാമ്പസില്‍ ശക്തമാക്കാനും ഇതിനകം സിറ്റി പൊലീസ് കമ്മീഷ്ണര്‍ നിര്‍ദേശം നല്‍കി.
ഇതിന് പുറമെ ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ എത്തുന്നവര്‍ പോക്കറ്റടിയ്ക്ക് വിധേയമാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും പൊലീസ് അറിയിച്ചു. ഇത് തടയാന്‍ നടപടികള്‍ ശക്തമാക്കും.