റമ്മി കളിക്കാനുള്ള പണത്തിനുവേണ്ടി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി ; പൊലീസുകാരൻ പിടിയിൽ
തിരുവനന്തപുരം : റമ്മി കളിക്കാനുള്ള പണത്തിനുവേണ്ടി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ പൊലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം മണ്ണന്തല പൊലീസ് സ്റ്റേഷനിലെ അഖിൽ രാജ് എന്ന വൊലീസ് ഉദ്യോഗസ്ഥനാണ് പിടിയിലായത്. കുടുംബത്തോടൊപ്പം ചേർന്ന് പല ഘട്ടങ്ങളിലായി ബാങ്കിൽനിന്ന് അഖിൽ രാജ് അര ലക്ഷത്തിലേറെ തട്ടിയെന്നാണ് കേസ്. ആകെ 52,89,000 രൂപയുടെ തട്ടിപ്പാണ് നടത്തിയത്. അഖിൽ രാജിന്റെ ഭാര്യ അനഘ, അമ്മ എന്നിവർ കൂട്ടുപ്രതികളാണ്. കാനറ ബാങ്കിലെ അപ്രൈസറായ വിജയകുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തട്ടിയെടുത്ത പണം റമ്മി കളിക്കാനാണ് അഖിൽ ഉപയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരം റമ്മികളിക്കാറുണ്ടായിരുന്ന അഖിലിന് പണം മതിയാകാതായപ്പോഴാണ് കുടുംബത്തെയും കൂട്ടി മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയത്. ബാങ്കിലെ അപ്രൈസറിനെ സ്വാധീനിച്ച് സ്വർണമാണെന്ന് സാക്ഷ്യപ്പെടുത്തി മുക്കുപണ്ടം പണയപ്പെടുത്തുകയായിരുന്നു.
നാലാഞ്ചിറയിലെ കാനറ ബാങ്കിൽ വിവിധ ദിവസങ്ങളിലായാണ് പണയംവച്ചത്. കഴിഞ്ഞ മാർച്ചിൽ 18 ലക്ഷം രൂപയും ജൂലായിൽ 20 ലക്ഷം രൂപയും മറ്റൊരു ദിവസം 14 ലക്ഷം രൂപയുമാണ് കൈപ്പറ്റിയിരുന്നത്. പിന്നീട് ബാങ്കിൽ നടത്തിയ പരിശോധയിലാണ് അധികൃതർ തട്ടിപ്പ് നടന്നതായി അറിയുന്നത്. തുടർന്ന് ബേങ്ക് മാനേജർ മണ്ണന്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് വൻതട്ടിപ്പ് പുറത്തറിയുന്നത്. കേസിൽ ഒക്ടോബർ ആറിനാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
.jpg)


