സംസ്ഥാനത്ത് നാല് ദിവസത്തിനിടെ മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസെടുത്ത് പോലീസ്

driving

 തിരുവനന്തപുരം : സംസ്ഥാനത്തുടനീളം മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനായി കേരള പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 6,199 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഒക്ടോബർ 13 രാവിലെ 7 മണി മുതൽ ഒക്ടോബർ 17 രാവിലെ 7 മണി വരെയുള്ള 96 മണിക്കൂറുകളിലാണ് സംസ്ഥാനവ്യാപകമായി പോലീസ് ഈ കർശന പരിശോധന നടത്തിയത്. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം സോൺ ഐ.ജിമാർ, റെയ്ഞ്ച് ഡി.ഐ.ജിമാർ, ജില്ലാ പോലീസ് മേധാവിമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് വിവിധ യൂണിറ്റുകളെ ഏകോപിപ്പിച്ച് മിന്നൽ പരിശോധന പൂർത്തിയാക്കിയത്.

എറണാകുളം റൂറൽ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് (710 കേസുകൾ). തിരുവനന്തപുരം റൂറലിൽ 497 കേസുകളും കോട്ടയം ജില്ലയിൽ 456 കേസുകളും രേഖപ്പെടുത്തി. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറച്ച് കേസുകൾ റിപ്പോർട്ട് ചെയ്തത് (75 കേസുകൾ).
മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡപകടങ്ങൾക്കും ദാരുണമായ ജീവഹാനികൾക്കും പ്രധാന കാരണമാകുന്നുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി. വരുന്ന ദിവസങ്ങളിലും സംസ്ഥാനത്തെ പ്രധാന പാതകളിലും ഗ്രാമീണ മേഖലകളിലും വാഹന പരിശോധന കൂടുതൽ ശക്തമായി തുടരുമെന്ന് എ.ഡി.ജി.പി പി. വിജയൻ അറിയിച്ചു.

Tags