കുട്ടിഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി പൊലീസ്

കാഞ്ഞങ്ങാട്: ജില്ലയിൽ കുട്ടി ഡ്രൈവർമാർക്കെതിരെ നടപടി കർശനമാക്കി പൊലീസ്.രണ്ടാഴ്ചക്കിടെ രണ്ട് ഡസനിലേറെ കേസുകൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി റജിസ്റ്റർ ചെയ്തു. രണ്ട് ദിവസത്തിനിടെ മാത്രം അപകടകരമാം വിധം വാഹനം ഓടിച്ച എട്ട് കുട്ടിഡ്രൈവർമാരെ വാഹന പരിശോധനക്കിടെ പൊലീസ് പിടികൂടി. വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഉടമകൾക്കെതിരെ കേസെടുത്തു.
ചെറുവത്തൂർ കാടങ്കോട് സ്കൂളിന് സമീപത്തുവെച്ച് കൗമാരക്കാരൻ ഓടിച്ച സ്കൂട്ടർ പിടികൂടി ആർ.സി ഉടമക്കെതിരെ കേസെടുത്തു. എളമ്പച്ചി സ്കൂൾ പരിസരത്തുവെച്ച് കുട്ടി ഡ്രൈവർമാർ ഓടിച്ചുവന്ന സ്കൂട്ടറുകൾ പിടികൂടി വാഹന ഉടമക്കെതിരെ കേസെടുത്തു.
ചന്തേര പൊലീസ് പരിധിയിൽനിന്ന് തന്നെ കഴിഞ്ഞ ദിവസം രണ്ട് സ്കൂട്ടറുകൾ പിടികൂടിയ പൊലീസ് വാഹന ഉടമയായ കൗമാരക്കാരുടെ മാതാക്കൾക്കെതിരെ കേസെടുത്തു. കുട്ടിഡ്രൈവർമാരിൽനിന്ന് ചിറ്റാരിക്കാൽ പൊലീസ് സ്കൂട്ടിയും വിദ്യാനഗർ പൊലീസ് കാറും പിടികൂടി കേസെടുത്തു. ഹോസ്ദുർഗ്, ബേഡകം, ബേക്കൽ പൊലീസും കഴിഞ്ഞ ദിവസങ്ങളിലായി കുട്ടിഡ്രൈവർമാരിൽനിന്ന് വാഹനങ്ങൾ പിടികൂടി രക്ഷിതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസമായി പൊലീസ് കുട്ടിഡ്രൈവർമാരെ കണ്ടെത്താൻ കർശന പരിശോധനയാണ് നടത്തുന്നത്. ബദിയഡുക്ക പൊലീസ് നിരവധി കുട്ടിഡ്രൈവർമാരെ പിടികൂടിയിരുന്നു. പൊലീസ് പരിശോധന ശക്തമായി തുടരുമ്പോഴും കുട്ടിഡ്രൈവർമാർ വാഹനവുമായി നിരത്തിലിറങ്ങുന്നതിൽ കുറവൊന്നുമില്ല.കേസെടുക്കുന്ന പൊലീസ് കുട്ടികളെ വിട്ടയക്കാറുണ്ടെങ്കിലും രക്ഷിതാക്കൾക്കെതിരെ തടവും കാൽ ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം ചുമത്തുമ്പോഴും കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്നതിൽ കുറവുണ്ടാകുന്നില്ലെന്നാണ് കേസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.