ആഡംബര കാറില്‍ മയക്കുമരുന്ന് വില്‍പന; ചാലാട് സ്വദേശികളായ നാല് യുവാക്കള്‍ അറസ്റ്റില്‍,പൊലിസിനു മുന്‍പില്‍ ആത്മഹത്യ ഭീഷണി നാടകവുമായി മുഖ്യപ്രതി

കണ്ണൂര്‍: തലശേരി നഗരത്തില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ 20ഗ്രാം ബ്രൗണ്‍ഷുഗറുമായി കണ്ണൂര്‍ ചാലാട് സ്വദേശികളായ നാല് യുവാക്കള്‍ പിടിയിലായി.സിന്തറ്റിക്ക് ലഹരിയുമായി ഡല്‍ഹി രജിസ്‌ട്രേഷനിലുളള ആഡംബര കാറിലെത്തിയ സംഘത്തെ രഹസ്യവിവരം ലഭിച്ചതു പ്രകാരമാണ് പൊലിസ് സാഹസികമായി പിടികൂടിയത്.
ഇതിനിടെയില്‍ കേസിലെ മുഖ്യപ്രതി ജീപ്പിന്റെ ബോണറ്റില്‍ സ്വയം തലയിടിച്ചു പരുക്കേല്‍പ്പിച്ചു നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു.രക്തത്തില്‍ കുതിര്‍ന്നു പ്രതിയെ പൊലിസ് തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലാട് ബന്നൂസ് സ്മാരക വായനശാലയ്ക്കു സമീപത്തെ സാദ് അഷ്‌റഫ്(26) ചാലാട് പന്നേന്‍പാറയിലെ ദീപക്(32) ചാലാടിലെ സന്തോഷ്(26) പാപ്പിനിശേരി അഞ്ചാംപീടികയിലെ മുഹമ്മദ് ഫൈസല്‍(27) എന്നിവരെയാണ് തലശേരി സി. ഐ എം. അനില്‍ എസ്. ഐമാരായലിനേഷ്, രാജീവന്‍വളയം എന്നിവരുടെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച്ച രാത്രി ഒന്‍പതുമണിയോടെ തലശേരി സ്‌റ്റേഡിയത്തിന് മുന്‍പില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്.
ഫോര്‍ച്യൂണര്‍ കാറിലെത്തിയ സംഘത്തെ പൊലിസ് പിടികൂടിയ ഉടന്‍ തന്നെ മുഖ്യപ്രതി സാദ് അഷ്‌റഫ് തന്റൈ തല പൊലിസ് ജീപ്പിന്റെ ബോണറ്റിലിടിക്കുകയായിരുന്നു. പ്രതി അപ്രതീക്ഷിതമായി പരാക്രമം കാണിച്ചത് പൊലിസിനെ പരിഭ്രാന്തിയിലാഴ്ത്തി.
തുടര്‍ന്ന് ഇയാളെ തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂര്‍ ജില്ലയിലെ ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാണ്‌സാദ് അഷ്‌റഫെന്ന് പൊലിസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ജില്ലയിലെ വിവിധ പൊലിസ് സ്‌റ്റേഷനുകളില്‍ കേസുണ്ട്. പിടിയിലായ നാലുപേരെയും വിശദമായി ചോദ്യം ചെയ്തതിനു ശേഷം തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടര്‍നടപടികള്‍ വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍ നടക്കും.