ഉത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ പ്രതിയെന്നാരോപിച്ച് ആളുമാറി പോലീസ് മർദനം; വിയ്യൂരിൽ ശരീരമാകെ അടിയേറ്റ് യുവാവ്

police8
police8

തൃശ്ശൂർ : ആളുമാറി പോലീസ് മർദിച്ച യുവാവ് ചികിത്സയിൽ. കുറ്റൂർ പുതുകുളങ്ങര വീട്ടിൽ ശരത്ത് (31) ആണ് വിയ്യൂർ പോലീസിനെതിരേ ആളുമാറി മർദിച്ചതായി പരാതി ഉന്നയിച്ചത്.ശരത്ത് ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സതേടി. ദേഹത്താകമാനം ലാത്തികൊണ്ട് അടിയേറ്റതിന്റെ പാടുകളുണ്ട്. കൂടാതെ ചവിട്ടുകയും കൈകൊണ്ട് അടിക്കുകയും ചെയ്തു. നെഞ്ചിലും വയറിലും പുറത്തും കാലിലും തുടയിലുമെല്ലാം അടിയേറ്റ് പൊട്ടിയ നിലയിലാണ്. ശരീരമാകെ നീരുവന്നിട്ടുമുണ്ട്. നട്ടെല്ലിന് ചവിട്ടുകയും തല ജീപ്പിൽ ഇടിക്കുകയും ചെയ്തതായി ശരത്ത് ആരോപിക്കുന്നു. വീട്ടിൽനിന്ന്‌ പിടിച്ച് ജീപ്പിലെത്തിയശേഷവും ജീപ്പ് ഓടിത്തുടങ്ങിയപ്പോഴുമെല്ലാം മർദനം തുടർന്നുവെന്ന് ശരത്ത്‌ ആരോപിച്ചു.

tRootC1469263">

ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. എസ്ഐയുടെ നേതൃത്വത്തിലുള്ള ഏഴ് പോലീസുകാർ വീട്ടിനുതൊട്ടടുത്തുള്ള ബന്ധുവീട്ടിലിരിക്കുകയായിരുന്ന ശരത്തിനെ കാരണം പറയാതെ മർദിക്കുകയായിരുന്നു. തറവാട്ടുക്ഷേത്രത്തിലെ കണക്കുനോക്കി കൊണ്ടിരിക്കെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരോട് അപമര്യാദയോടെ പെരുമാറുകയും ചെയ്തതായും പരാതിയുണ്ട്.

26-ന് കുറ്റൂരിലെ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിനു കാരണക്കാരൻ ശരത്ത് എന്ന രീതിയിലാണ് പോലീസ് മർദിച്ചത്. 26-ന് താൻ ഉത്സവപ്പറമ്പിൽ ഇല്ലായിരുന്നുവെന്നും ലൊക്കേഷൻ പരിശോധിക്കാമെന്നും ശരത്ത് പറയുന്നു. കാപ്പ നിയമപ്രകാരം ആറുമാസം നാടുകടത്തലിന് വിധേയനായ ശരത്ത് നേരത്തേ ചിലകേസുകളിൽ പ്രതിയായിരുന്നു. നല്ലനടപ്പിൽ ജീവിക്കുമ്പോഴാണ് മർദനത്തിനിരയായത്. നേരത്തേ പ്രതിയായിരുന്നതിനാൽ മർദനമേറ്റ ശരത്തിന്റെ വിവരങ്ങൾ പോലീസിന്റെ കൈയിലുണ്ടായിരുന്നതും ആളുമാറാൻ കാരണമായി.

മർദനത്തിനിടെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തെക്കുറിച്ച് പോലീസ് പറഞ്ഞപ്പോൾത്തന്നെ അതുതാനല്ലെന്ന് പറഞ്ഞിരുന്നതായി ശരത്ത് പറയുന്നു. പക്ഷേ മർദനം തുടർന്നു. വീട്ടുകാർ അഭിഭാഷകനെയും കൂട്ടി സ്റ്റേഷനിലെത്തി കാര്യം തിരക്കിയപ്പോൾ ആളു മാറി മർദിച്ചതാണെന്ന് പറഞ്ഞ് വിട്ടയയ്ക്കുകയായിരുന്നു എന്നാണ് ശരത്ത് പറയുന്നത്.

Tags