നിരവധി ലഹരി കേസുകളില്‍ പ്രതിയായ യുവതിയെ കരുതല്‍ തടങ്കലിലാക്കി പൊലീസ്
ഇവരെ അട്ടകുളങ്ങര വനിതാ ജയിലില്‍ എത്തിച്ച് കരുതല്‍ തടങ്കല്‍ ഉത്തരവ് നടപ്പാക്കുകയായിരുന്നു.
നിരവധി എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയായ യുവതിയെ കരുതല്‍ തടങ്കലിലാക്കി പൊലീസ്. വെട്ടുകാട് ബാലനഗര്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രേഖയെയാണ് തുടര്‍ച്ചയായ കേസുകളെത്തിയതോടെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പേട്ട പൊലീസ് സ്റ്റേഷനില്‍ വെച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് ഇവരെ അട്ടകുളങ്ങര വനിതാ ജയിലില്‍ എത്തിച്ച് കരുതല്‍ തടങ്കല്‍ ഉത്തരവ് നടപ്പാക്കുകയായിരുന്നു.
വീട്ടില്‍ വച്ചായിരുന്നു എംഡിഎംഎ ഉള്‍പ്പടെ ലഹരിപദാര്‍ഥങ്ങള്‍ ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. കഴക്കൂട്ടത്ത് നിന്ന് ഡാന്‍സാഫ് പിടികൂടിയ യുവാവില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് രേഖയുടെ വീട്ടില്‍ മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ റെയ്ഡില്‍ ഇവരില്‍ നിന്ന് 38 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. സംഭവത്തിന് പിന്നാലെ ജയില്‍വാസത്തിന് ശേഷം വീണ്ടും സമാനമായ നടപടികളുമായി ഇവര്‍ മുന്നോട്ട് പോകുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കല്‍.
.jpg)

