അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം: 'ഇൻസ്റ്റാ പേ' ലോൺ ആപ്പിനെതിരെ കേസെടുത്ത് പൊലീസ്
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്ത് പൊലീസ്. ഇൻസ്റ്റാ പേ എന്ന ആപ്പിനെതിരെയാണ് കേസെടുത്തത്. നിതിൻ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്നാണ് എഫ്‌ഐആർ. മാനസികമായി പീഡിപ്പിച്ചു എന്നും എഫ്‌ഐആറിലുണ്ട്. ചക്കരക്കൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ലോൺ ആപ്പിൽ നിന്ന് അധ്യാപികയായ ലതയ്ക്ക് ഫോൺ കോളുകൾ വന്നിരുന്നു. തുടർന്ന് നിതിൻ രാജിനെ പ്രിൻസിപ്പൽ ചേംബറിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.തൊട്ടുപിന്നാലെയായിരുന്നു നിതിൻ ആത്മഹത്യ ചെയ്തത്. ആത്മഹത്യയിൽ ലോൺ ആപ്പിന് പങ്കുണ്ടെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. നിതിന്റെ ആത്മഹത്യയ്ക്ക് ശേഷം ലത സൈബർ സെല്ലിന് പരാതി നൽകിയിരുന്നു. ഈ പരാതി സൈബർ സെല്ല് ചക്കരക്കല്ല് പൊലീസിന് കൈമാറുകയും സ്വമേധയാ കേസെടുക്കുകയുമായിരുന്നു.
15,000 രൂപയാണ് നിതിൻ ആപ്പിൽ നിന്ന് ലോൺ എടുത്തത്. തിരിച്ചടവ് മുടങ്ങിയതിനാൽ ആപ്പിൽ നിന്നും സമ്മർദമുണ്ടായെന്ന് എഫ്‌ഐആറിൽ സൂചിപ്പിക്കുന്നു. അതേസമയം നിതിന്റെ മരണത്തിൽ ആദ്യം കേസെടുത്ത ഡോ. എം കെ റാം, സംഗീത എന്നിവർ ഒളിവിലാണ്. ഇരുവരെയും നേരത്തെ തന്നെ കോളേജ് സസ്‌പെൻഡ് ചെയ്തിരുന്നു. റാമിനെ കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു.
.jpg)

