അപകടത്തിൽപ്പെട്ട പോലീസുകാരനെ ആശുപത്രിയിലെത്തിക്കാൻ വിസമ്മതം; ഓട്ടോ ഡ്രൈവർമാർക്കെതിരെ പോലീസ് കടുത്ത നടപടി
കട്ടപ്പന: നിയമസഭാ വോട്ടെണ്ണൽ ദിവസം രാത്രി പുളിയൻമല റോഡിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കിടന്ന പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോറിക്ഷാ ഡ്രൈവർമാർ തയ്യാറാകാത്ത സംഭവത്തിൽ കടുത്ത നടപടിയുമായി പോലീസ്. പുളിയൻമല റോഡിൽ രാത്രി അപകടത്തിൽ പരിക്കേറ്റ് കിടന്ന ഇടുക്കി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ വിനോദ് കുമാർ സമീപത്തുള്ള തന്റെ സഹോദരനെ ഫോണിൽ വിവരം അറിയിച്ചു. തുടർന്ന് കട്ടപ്പന സെൻട്രൽ ജങ്ഷനിൽ എത്തിയ സഹോദരൻ ഓട്ടം വിളിച്ചിട്ടും വരാൻ സ്ഥലത്ത് ഉണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ തയ്യാറായില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ അവിടെയെത്തിയ മറ്റൊരു ഓട്ടോറിക്ഷയിലാണ് പോലീസുകാരനെ ആശുപത്രിയിൽ കൊണ്ടുപോയത്.
സംഭവം പരാതി ആയതോടെ രാത്രി ഓട്ടം പോകുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരെ മുഴുവൻ വിളിച്ചുവരുത്തി പോലീസ് താക്കീത് ചെയ്തു. ഇവരിൽ ചിലർ മദ്യപിക്കുന്നതായും വിവരം ലഭിച്ചുവെന്നും ഇത്തരക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. രാത്രി ഓടുന്ന ഓട്ടോക്കാരുടെ യോഗം വിളിച്ചെങ്കിലും പലരും യോഗത്തിൽ പങ്കെടുക്കാൻ തയ്യാറായിട്ടില്ല.
കട്ടപ്പന ഐ.സി.ഐ.സി. ബാങ്കിന് എതിർവശത്ത് ഭവന നിർമാണ ബോർഡ് വ്യാപാര സമുച്ചയത്തിന് സമീപം ഓട്ടോറിക്ഷാ സ്റ്റാൻഡിൽനിന്ന് ഓട്ടം വിളിച്ചാൽ ഭൂരിഭാഗം ഓട്ടോറിക്ഷകളും വരാൻ മടി കാണിക്കുന്നുവെന്ന് വ്യാപകമായി ആക്ഷേപം ഉയരുന്നുണ്ട്. ചെറിയ ഓട്ടം വിളിച്ചാലും ഇവരിൽനിന്ന് മോശം പ്രതികരണമാണ് ഉണ്ടാകുന്നത്. വള്ളക്കടവ് ഭാഗത്തേക്ക് സമാന്തര സർവീസ് നടത്താനാണ് ഇവിടെയുള്ള ഓട്ടോക്കാർക്ക് താത്പര്യം. ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കാനാണ് പോലീസിന്റെ നീക്കം.
ഓട്ടം കാത്തുകിടക്കുന്ന ടാക്സി വാഹനങ്ങൾ ഫോർ ഹയർ ബോർഡ് വയ്ക്കണമെന്നാണ് നിയമം. എന്നാൽ, ഇക്കാര്യം പാലിക്കാറില്ല. സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോറിക്ഷ ഓട്ടം വിളിച്ചിട്ട് വന്നില്ലെങ്കിൽ നമ്പർ ഉൾപ്പെടെ പരാതിപ്പെടാം. പോലീസിന് പോൾ ആപ്പ് വഴിയോ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന് ഇ-മെയിൽ ഉപയോഗിച്ചോ പരാതി നൽകാനാകും.
ആർ.ടി.ഒ., എസ്.ഐ. റാങ്ക് മുതലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം നടപടിയെടുക്കാം. പിഴ അടയ്ക്കൽ മുതൽ പെർമിറ്റ് റദ്ദാക്കുന്നതുവരെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കാൻ കഴിയും.
.jpg)

