ലഹരി ഉപയോഗിച്ചാൽ ജോലി പോകും ; ‘PODA’ പദ്ധതിക്കു തുടക്കമായി
തിരുവനന്തപുരം: മയക്കുമരുന്ന് ദുരുപയോഗം തടയാൻ സംസ്ഥാന പോലീസ് സ്വകാര്യ മേഖലയുമായി സഹകരിച്ച് നടപ്പാക്കുന്ന പ്രിവൻഷൻ ഓഫ് ഡ്രഗ് അബ്യൂസ് എന്ന പദ്ധതിക്കു തുടക്കമായി. സിഐഐയുടെ 40 വയസ്സിനു താഴെയുള്ളവരുടെ സംഘടനയായ യങ് ഇന്ത്യൻസ് അവരുടെ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. യങ് ഇന്ത്യൻസിന്റെ ഭാഗമായുള്ള 21 കമ്പനികളിൽനിന്ന് 1100-ഓളം യുവതീയുവാക്കൾ പദ്ധതിയുടെ ഭാഗമാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ പത്രസമ്മേളനത്തിൽ അറിയിച്ചു.
tRootC1469263">ജോലിയിൽ ചേരുന്ന സമയത്ത് മയക്കുമരുന്ന് ദുരുപയോഗത്തിൽനിന്നു വിട്ടുനിൽക്കുമെന്ന് നിർബന്ധിത പ്രതിജ്ഞ എഴുതിവാങ്ങുക, ജോലിസമയത്ത് മയക്കുമരുന്ന് പരിശോധനയ്ക്കു വിധേയമാകാനുള്ള സമ്മതം വാങ്ങുക, പരിശോധനകളിൽ ലഹരിയുപയോഗം കണ്ടെത്തിയാൽ പിരിച്ചുവിടൽ തുടങ്ങിയ നടപടികൾ സ്വീകരിക്കുക എന്നിവയാകും പദ്ധതിയിലൂടെ നടപ്പാക്കുക. പദ്ധതിയിൽ പങ്കാളികളാകുന്നതോടെ കോർപ്പറേറ്റ് നേതൃത്വത്തിലുള്ള മയക്കുമരുന്ന് പ്രതിരോധത്തിൽ സ്വകാര്യമേഖലയ്ക്ക് ഒരു വഴികാട്ടിയായി ഉയർന്നുവരാനാകും. ഇത് സ്വകാര്യ ഐടി മേഖലയെയും മറ്റു സ്ഥാപനങ്ങളെയും ഈ വഴി പിന്തുടരാൻ പ്രചോദിപ്പിക്കും. സർക്കാരിന്റെ അനുമതിയോടെ സർക്കാർ സ്ഥാപനങ്ങളിലും ഈ പദ്ധതി നടപ്പാക്കുമെന്നും പോലീസ് മേധാവി പറഞ്ഞു.
മയക്കുമരുന്ന് വ്യാപനത്തിനെതിരേയുള്ള ഡി ഹണ്ട് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഈ വർഷം 30991 കേസുകൾ രജിസ്റ്റർ ചെയ്തെന്നും പോലീസ് മേധാവി പറഞ്ഞു. അതിൽ 349 കേസുകൾ വ്യാവസായിക അളവിൽ പിടിച്ചെടുത്തതിനാണ്. 957 കേസുകൾ ഇടത്തരം അളവ് പിടിച്ചെടുത്തതിനും 7718 കേസുകൾ ചെറിയ അളവുകൾ പിടിച്ചെടുത്തതിനുമാണെന്നും പോലീസ് മേധാവി പറഞ്ഞു. എഡിജിപി എച്ച്. വെങ്കിടേഷ്, ദക്ഷിണ മേഖലാ ഐജി ശ്യാംസുന്ദർ, ഡിഐജി അജിതാ ബീഗം തുടങ്ങിയവർ പങ്കെടുത്തു.
.jpg)


