പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയിൽ
തിരുവല്ല: പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങൂരി ചാടിപ്പോയ പോക്‌സോ കേസ് പ്രതി പോലീസിന്റെ വലയിലായി. നിരണം ഇരതോട് ആശാകുടി പുതുവേൽ വീട്ടിൽ സജിത്ത് (32) ആണ് ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ പിടിയിലായത്. ഇയാളുടെ വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ തുരുത്തിൽ നിന്നാണ് പോലീസ് ഇയാളെ അതിവിദഗ്ധമായി പിടികൂടിയത്. കാടുമൂടിക്കിടക്കുന്ന തുരുത്തിൽ പ്രതി ഒളിച്ചിരിപ്പുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം പ്രദേശം വളയുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സജിത്ത് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്. ലോക്കപ്പ് സംവിധാനം ഇല്ലാതിരുന്നതിനാൽ സ്റ്റേഷന്റെ ഉൾവശത്തെ മുറിയിലെ തറയിൽ ഘടിപ്പിച്ചിരുന്ന ഇരുമ്പ് വളയത്തിൽ കൈവിലങ്ങ് ബന്ധിപ്പിച്ചാണ് ഇയാളെ നിർത്തിയിരുന്നത്. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഇയാൾ കൈവിലങ്ങ് ഊരി മുൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. പാറാബ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ പിന്നാലെ ഓടിയെങ്കിലും സ്റ്റേഷന് സമീപത്തെ തിരുവല്ല - കായംകുളം സംസ്ഥാനപാതയോരത്തെ കാട്ടിലേക്ക് ചാടി ഇയാൾ മറയുകയായിരുന്നു. പിടിയിലായ പ്രതിയെ നിലവിൽ തിരുവല്ല പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.
.jpg)


