അതിജീവിതയെ കുത്തിക്കൊല്ലാൻ ശ്രമം, പിടിയിലായ പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി

D

തിങ്കളാഴ്ച ഉച്ചയോടെ അദിനാൻ ഇരയായ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി മർദ്ദിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. 

കൊച്ചി: അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. പെരുമ്പാവൂർ കോടതിയിലാണ് സംഭവം. പെരുമ്പാവൂർ അറയ്ക്കപ്പടി പെരുമാനി സ്വദേശി മുഹമ്മദ് അദിനാൻ (22) ആണ് പെരുമ്പാവൂർ കോടതിയുടെ ഒന്നാം നിലയിൽ നിന്നും ചാടിയത്. ഇയാളുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.

തിങ്കളാഴ്ച ഉച്ചയോടെ അദിനാൻ ഇരയായ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി മർദ്ദിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയതോടെയാണ് അദിനാൻ ഓടി രക്ഷപ്പെട്ടത്.

പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയുടെ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന അദിനാനെ പിടികൂടിയത്. അറസ്റ്റ് ചെയ്ത അദിനാനെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വന്നപ്പോഴാണ്, കൈവിലങ്ങണിയിച്ചിരുന്ന പ്രതി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയത്. 

Tags