‘ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവരണം’ : പി.എം ആർഷോ
തിരുവനന്തപുരം : ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവരണമെന്ന് എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. ‘ഞങ്ങൾ തെരുവിലുണ്ടാകും, നമുക്ക് കാണാം’ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ മലപ്പുറത്ത് പ്രവർത്തകർ പൊലീസിന്റെ ജല പീരങ്കി വാഹനത്തിന് മുകളിൽ കയറുന്ന ചിത്രം പങ്കുവെച്ചാണ് കുറിപ്പ്.
പൊലീസ് നടപടിയിൽ ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. ‘തിരുവനന്തപുരത്ത് കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിലും സെനറ്റ് തിരഞ്ഞെടുപ്പിലും ഉജ്ജ്വല വിജയം നേടിയതിനെ തുടർന്ന് എസ്എഫ്ഐ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനെ ആക്രമിച്ച കെ എസ് യു നടപടിയും കെഎസ്‌യു അക്രമത്തിന് ചൂട്ടുപിടിച്ചുകൊണ്ട് എസ്എഫ്ഐ പ്രവർത്തകരെ ഏകപക്ഷീയമായി ആക്രമിച്ച പോലീസ് നടപടിയും പ്രതിഷേധാർഹമാണ്. ഭരണം നേടിയ ഹുങ്കിൽ പോലീസിന്റെ തണലിൽ അക്രമവും അരാജകത്വവും നടത്തി അഴിഞ്ഞാടുന്ന കെഎസ്‌യു ഹീനമായ ആക്രമണമാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടത്തിയത്. എസ്എഫ്ഐ സംസ്ഥാന നേതാക്കൾക്ക് നിരവധി പ്രവർത്തകർക്ക് ഉൾപ്പെടെ കല്ലേറിലും പോലീസ് നടപടിയിലും പരിക്കേറ്റിരിക്കുകയാണ്.
ഭരണത്തിന്റെ തണലിൽ എന്തു തെമ്മാടിത്തവും ചെയ്യാം എന്ന വ്യാമോഹമാണ് കെഎസ്‌യുവിനെ നയിക്കുന്നത്. കേരള സർവകലാശാല യൂനിയൻ തിരഞ്ഞെടുപ്പിലും സെനറ്റ് തിരഞ്ഞെടുപ്പിലും ദയനീയമായി പരാജയപ്പെട്ട കെഎസ്‌യു പോലീസിന്റെ ഒത്താശയോടു കൂടി വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. ഇത്തരത്തിൽ ഹീനമായ ആക്രമണം നടത്തി മുന്നോട്ടു പോകാനാണ് കെഎസ്‌യു ശ്രമിക്കുന്നതെങ്കിൽ അത്തരം ആക്രമണങ്ങളെ യുവജനങ്ങൾ അണിനിരത്തി പ്രതിരോധിക്കുവാൻ ഡിവൈഎഫ്ഐ തയ്യാറാവും. പോലീസിന്റെ ഏകപക്ഷീയമായ നടപടിയും അപലപനീയമാണ്.
അക്രമം നടത്തിയവരെ നിയന്ത്രിക്കാതെ എസ്എഫ്ഐക്ക് നേരെ ലാത്തിച്ചാർജും ജലപീരങ്കിയും കണ്ണീർവാതകവും ഉപയോഗിച്ചു ആക്രമിച്ച പോലീസ് കോൺഗ്രസിന്റെ രാഷ്ട്രീയ പ്രവർത്തനമാണ് നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ ആ നിലയിൽ തന്നെ നേരിടാൻ വേണ്ടി യുവജനങ്ങളും വിദ്യാർത്ഥികളും തയ്യാറാവും’ -പ്രസ്താവനയിൽ പറഞ്ഞു.
.jpg)

