പ്ലസ് വണ്‍ ഏകജാലക പ്രവേശനം: ജൂണ്‍ 3 വരെ അപേക്ഷിക്കാം

online

സൈറ്റിലെ 'ക്രിയേറ്റ് കാൻഡിഡേറ്റ് ലോഗിൻ - എസ്.ഡബ്ല്യു.എസ്.' എന്ന ലിങ്ക് വഴി ഒ.ടി.പി. ഉപയോഗിച്ച്‌ സ്വന്തമായി പ്രൊഫൈല്‍ രൂപീകരിച്ചാണ് അപേക്ഷാ നടപടികള്‍ പൂർത്തിയാക്കേണ്ടത്

തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈൻ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി.ജൂണ്‍ മൂന്നുവരെ വിദ്യാർഥികള്‍ക്ക് hscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

സൈറ്റിലെ 'ക്രിയേറ്റ് കാൻഡിഡേറ്റ് ലോഗിൻ - എസ്.ഡബ്ല്യു.എസ്.' എന്ന ലിങ്ക് വഴി ഒ.ടി.പി. ഉപയോഗിച്ച്‌ സ്വന്തമായി പ്രൊഫൈല്‍ രൂപീകരിച്ചാണ് അപേക്ഷാ നടപടികള്‍ പൂർത്തിയാക്കേണ്ടത്.

അപേക്ഷാ രജിസ്‌ട്രേഷൻ ഫീസായ 25 രൂപ പ്രവേശന സമയത്ത് സ്കൂളില്‍ അടച്ചാല്‍ മതിയാകും. ഒരു റവന്യൂ ജില്ലയിലേക്ക് ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാൻ സാധിക്കൂ. ഒന്നിലധികം ജില്ലകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷകള്‍ നല്‍കേണ്ടതുണ്ട്.

ഹയർ സെക്കൻഡറി കോഴ്സുകളുടെ കാലാവധി രണ്ടു വർഷമാണ്. ഇംഗ്ലീഷും ഒരു രണ്ടാം ഭാഷയും നാല് ഓപ്ഷണല്‍ വിഷയങ്ങളും ഉള്‍പ്പെടെ ആകെ ആറ് വിഷയങ്ങളാണ് വിദ്യാർഥികള്‍ക്ക് പഠിക്കാനുള്ളത്.

താല്കാലിക പ്രവേശനത്തിന് ഫീസ് ആവശ്യമില്ലെങ്കിലും അസല്‍ സർട്ടിഫിക്കറ്റുകള്‍ സ്കൂളില്‍ ഏല്‍പ്പിക്കേണ്ടതുണ്ട്. താല്കാലിക പ്രവേശനം നേടാതിരുന്നാല്‍ വിദ്യാർഥികള്‍ പ്രവേശന പ്രക്രിയയില്‍ നിന്ന് പുറത്താകും.

ഉയർന്ന ഓപ്ഷനുകള്‍ ആവശ്യമില്ലാത്തവർ അത് റദ്ദാക്കാൻ പ്രിൻസിപ്പലിന് രേഖാമൂലം അപേക്ഷ നല്‍കണം. മുഖ്യ അലോട്മെന്റുകള്‍ക്ക് ശേഷം വരുന്ന ഒഴിവുകളിലേക്ക് സപ്ലിമെന്ററി അലോട്മെന്റുകള്‍ ഉണ്ടായിരിക്കും.

സർക്കാർ സീറ്റുകളും എയ്ഡഡ് സ്കൂളുകളിലെ നിശ്ചിത ശതമാനം സീറ്റുകളും ഏകജാലകം വഴിയാണ് നികത്തുന്നത്. പട്ടികവർഗ-പട്ടികജാതി വികസന വകുപ്പുകളുടെ കീഴിലുള്ള മോഡല്‍ റസിഡൻഷ്യല്‍ സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനവും ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രത്യേക ഓണ്‍ലൈൻ അപേക്ഷ വഴിയാണ്. എയ്ഡഡ് സ്കൂളുകളിലെ 20 ശതമാനം വരുന്ന മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കും, പിന്നാക്ക-ന്യൂനപക്ഷ സ്കൂളുകളിലെ 20 ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുമുള്ള പ്രവേശനം ഏകജാലക പരിധിയില്‍ വരുന്നതല്ല. ഈ സീറ്റുകളിലേക്ക് അതാത് സ്കൂളുകളില്‍ നിന്നും പ്രത്യേക ഫോം വാങ്ങി അവിടെത്തന്നെ സമർപ്പിക്കണം. അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകളിലെ പ്രവേശനവും സ്കൂള്‍ തലത്തിലാണ് നടക്കുന്നത്. അപേക്ഷകർ തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് അലോട്മെന്റ് നേടിയതെന്ന് കണ്ടെത്തിയാല്‍ പ്രവേശനം റദ്ദാക്കുമെന്നതിനാല്‍ അതീവ ശ്രദ്ധയോടെ വേണം അപേക്ഷിക്കാൻ. സംശയനിവാരണത്തിനായി എല്ലാ സ്കൂളുകളിലും ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവർത്തിക്കുന്നുണ്ട്.

Tags