പ്ലസ് വൺ പ്രവേശനം ; ഓൺലൈൻ അപേക്ഷ മേയ് 25 മുതൽ
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ മേയ് 25 മുതൽ സമർപ്പിച്ചു തുടങ്ങാമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികൾക്കായി സംസ്ഥാനത്തുടനീളം വിപുലമായ സീറ്റുകളാണ് ഒരുക്കിയിട്ടുള്ളത്.
ഹയർ സെക്കൻഡറി: 3,61,044 സീറ്റുകൾ
വൊക്കേഷണൽ ഹയർ സെക്കൻഡറി: 33,000 സീറ്റുകൾ
പോളിടെക്നിക്കുകൾ, ഐ.ടി.ഐകൾ: 30,545 സീറ്റുകൾ
വിദ്യാർത്ഥികൾക്ക് അവരുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കർ ആപ്പ് വഴി ലഭ്യമാക്കും. എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിൽ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് മേയ് 16 (ശനിയാഴ്ച) മുതൽ മേയ് 21 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അർഹത നേടാനുള്ള ‘സേ’ പരീക്ഷ ജൂൺ ആദ്യവാരം നടക്കും. ഒരു വിദ്യാർത്ഥിക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് വരെയാണ് സേ പരീക്ഷ എഴുതാൻ അനുവാദമുള്ളത്.
.jpg)

