ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് ; രേഖകൾ പിടിച്ചെടുത്തു, പി.എസ്.സി ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്.സിയിലെ മൂന്ന് ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് ഉടൻ കോടതിയിൽ റിപ്പോർട്ട് നൽകും. പി.എസ്.സി ആസ്ഥാനത്ത് നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് എസ്.ഐ.ടി നീക്കം. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത ശേഷമാകും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുക. നേരത്തെ ഈ പരീക്ഷയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പ്രതിസ്ഥാനത്ത് പി.എസ്.സി ഉദ്യോഗസ്ഥർ എന്ന് മാത്രമാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്. അവിടെയാണ് ഉദ്യോഗസ്ഥരുടെ പേര് വരിക.
രണ്ട് സംഘങ്ങളായി ക്രൈംബ്രാഞ്ച് പി.എസ്.സി ആസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് നിർണായക വിവരങ്ങളും രേഖകളും കിട്ടിയത്. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയായിരുന്നു പരിശോധന. പി.എസ്.സി കൈമാറിയ രേഖകളിൽ ഉൾപ്പെടാത്ത പല നിർണായക രേഖകളും എസ്.ഐ.ടിക്ക് ലഭിച്ചതായാണ് വിവരം.
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ 58 മാർക്കിന്റെ പത്ത് ചോദ്യങ്ങളുടെ മൂല്യനിർണയം ബോധപൂർവം ഒഴിവാക്കിയെന്ന വിലയിരുത്തലിലാണ് എസ്.ഐ.ടി. 10 ചോദ്യങ്ങൾ എഴുതാതെയും തെറ്റിക്കുകയും ചെയ്ത ഒരു ഉദ്യോഗാർഥിക്ക് വേണ്ടി പി.എസ്.സി ഉദ്യോഗസ്ഥർ ഇടപെട്ട് എല്ലാ ഉദ്യോഗാർഥികളുടെയും ചോദ്യങ്ങളുടെ മൂല്യനിർണയം ഒഴിവാക്കി. പി.എസ്.സിയിലെ പരിശോധനയും തെളിവെടുപ്പും പൂർത്തിയായെന്നാണ് വിവരം. പി.എസ്.സി ആസ്ഥാനത്ത് ഒരാഴ്ച നീണ്ട തെളിവെടുപ്പിൽ ഓൺ സ്ക്രീൻ മാർക്കിങ്ങുമായി ബന്ധപ്പെട്ട രേഖകളടക്കം ശേഖരിച്ചിട്ടുണ്ട്.
.jpg)

