പി.പി. ദിവ്യയെ ബിജെപിയിലേക്ക് ക്ഷണിച്ചതില്‍ വെട്ടിലായി പി.കെ. കൃഷ്ണദാസ്

divya

ആളുകള്‍ നിലപാട് വ്യക്തമാക്കട്ടെ. അറക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം പോരല്ലോ എന്നായിരുന്നു കൃഷ്ണദാസിന്റെ പരാമര്‍ശം.

പാര്‍ട്ടിയില്‍ നടപടി നേരിട്ട സിപിഎം വനിതാ നേതാവ് പി.പി. ദിവ്യയെ ബിജെപിയിലേക്ക് ക്ഷണിച്ചതില്‍ വെട്ടിലായി പി.കെ. കൃഷ്ണദാസ്. കൃഷ്ണദാസിന്റെ പരാമര്‍ശത്തില്‍ ബിജെപിയില്‍ മുതിര്‍ന്ന നേതാക്കളില്‍ അടക്കം അമര്‍ഷം ശക്തം. സിപിഎം നടപടി നേരിടുന്ന ദിവ്യ നിലപാട് വ്യക്തമാക്കിയാല്‍ ബിജെപി പരിശോധിക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞിരുന്നു. ഈ പരാമര്‍ശമാണ് പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിക്ക് കാരണമായത്. ഇരുപാര്‍ട്ടികളില്‍നിന്നുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഞങ്ങള്‍ വാതിലുകള്‍ തുറന്നിട്ടിട്ടുണ്ട്. ആളുകള്‍ നിലപാട് വ്യക്തമാക്കട്ടെ. അറക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം പോരല്ലോ എന്നായിരുന്നു കൃഷ്ണദാസിന്റെ പരാമര്‍ശം.

ഏറെ വിവാദമായ എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയെ തുടര്‍ന്നാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യക്കെതിരെ സിപിഎം നടപടി സ്വീകരിച്ചത്. സിപിഎം പദവികളില്‍നിന്ന് മാറ്റിനിര്‍ത്തിയ ദിവ്യക്കായി തങ്ങള്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് പറഞ്ഞത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്നാണ് ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുടെ നിലപാട്. നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ശക്തമായ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരുന്നതെന്നും നേതാക്കള്‍ പറയുന്നു. സിപിഎമ്മുമായുള്ള അകല്‍ച്ച സൂചിപ്പിക്കുന്ന ദിവ്യയുടെ പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. നദികടക്കാന്‍ സഹായിച്ച ചങ്ങാടം പിന്നീട് തലയിലേറ്റി നടക്കുന്നത് ശരിയാണോ എന്ന് ബുദ്ധന്‍ ശിഷ്യന്മാരോട് ചോദിച്ച കഥയാണ് കുറിപ്പില്‍ പരാമര്‍ശിക്കുന്നത്.

Tags