‘പിണറായിസമെന്നാൽ മാർക്സിസ്റ്റ് ഗുണ്ടായിസം, ഭാരതാംബയുടെ പേരിൽ വിവാദം അനാവശ്യം’ ; ജോർജ് കുര്യൻ


നിലമ്പൂർ: വികസനമാണ് നിലമ്പൂരിൽ ചർച്ചയാകേണ്ടതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദേശീയപാത നിർമാണത്തിലെ വീഴ്ചകൾ സ്വാഭാവികമാണ്. അത് പരിഹരിക്കും. ദേശീയപാതയുടെ ക്രെഡിറ്റ് ആർക്കെന്ന് പണി പൂർത്തിയാകുമ്പോൾ വ്യക്തമാകും പിണറായിസമെന്നാൽ മാർക്സിസ്റ്റ് ഗുണ്ടായിസമാണ്. ഭാരതാംബയുടെ പേരിൽ വിവാദം അനാവശ്യമായിരുന്നുവെന്നും മന്ത്രി നിലമ്പൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
tRootC1469263">“നിലമ്പൂരിൽ ബി.ജെ.പിയുടെ പ്രചാരണം നല്ല രീതിയിൽ നടക്കുന്നുണ്ട്. മറ്റു പ്രാധന പാർട്ടികൾ നേരത്തെ നിശ്ചയിച്ചതു പ്രകാരം പ്രചാരണം തുടങ്ങിയെന്ന് മാത്രം. ഇവിടെ ചർച്ചയാകേണ്ടത് വികസനമാണ്. ബൈപാസിനു വേണ്ടി 30 വർഷമായി കാത്തിരിക്കുന്നു. അത് സാധ്യമാകണമെങ്കിൽ ബി.ജെ.പി വരണം.

ദേശീയപാത നിർമാണത്തിന് ഒരുക്കങ്ങൾ തുടങ്ങിയത് മോദി സർക്കാർ നിർദേശം നൽകിയപ്പോഴാണ്. ദേശീയപാത നിർമാണത്തിലെ വീഴ്ച പദ്ധതി പൂർത്തിയാകും മുമ്പാണ്. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുമെന്ന് കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ട്. പൂർത്തിയാകുമ്പോൾ ആരാണ് റോഡ് നിർമിച്ചതെന്ന് ജനത്തിന് പിടികിട്ടും. വിഴിഞ്ഞത്തിൻറെ കാര്യത്തിലുള്ള യാഥാർഥ്യം ഇപ്പോ മനസിലായിട്ടുണ്ട്.
പിണറായി വിജയനെ കാണുമ്പോൾ വാടിക്കൽ രാമകൃഷ്ണനെയാണ് ഞങ്ങൾക്ക് ഓർമ വരുന്നത്. മാർക്സിസ്റ്റ് ഗുണ്ടായിസത്തെ പിണറായിസം എന്നു പറഞ്ഞ് ഒരു ‘ഇസ’മാക്കി മാറ്റിയിരിക്കുന്നു. പിണറായി വിജയനെ വളർത്താനുള്ള ശ്രമം ബി.ജെ.പി അനുവദിക്കില്ല” -ജോർജ് കുര്യൻ പറഞ്ഞു.
നേരത്തെ പിണറായിസത്തിനെതിരെയാണ് തൻറെ പോരാട്ടമെന്ന പി.വി. അൻവറിൻറെ തുടർച്ചയായ പരാമർശത്തിനു പിന്നാലെയാണ് ഈ പ്രയോഗം ചർച്ചയായത്. ദേശീയപാത നിർമാണത്തിലെ പാളിച്ച മൂലം തകർന്നതിനിടെയാണ് മന്ത്രിയുടെ പരാമർശമെന്നതും ശ്രദ്ധേയമാണ്.