സർക്കാരിനെ പ്രതിരോധത്തിലാക്കി വിഴിഞ്ഞം തുറമുഖത്തെ പ്രതിസന്ധിയിലാക്കാൻ പ്രതിപക്ഷം ശ്രമിക്കരുത് : വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: വിഴിഞ്ഞം കരാർ കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടെ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാരിനെ പ്രതിരോധത്തിലാക്കി വിഴിഞ്ഞം തുറമുഖത്തെ പ്രതിസന്ധിയിലാക്കാൻ പ്രതിപക്ഷം ശ്രമിക്കരുതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കരാർ ലംഘനം ഉണ്ടാകുമ്പോൾ ചർച്ചകളിലൂടെ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ തന്ത്രങ്ങൾ മെനയണം. അതിന് പലവിധ സമ്മർദ്ദങ്ങൾ വേണ്ടിവരുമെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. എസ്എൻഡിപി യോഗം മുഖപത്രമായ യോഗനാദം മുഖപ്രസംഗത്തിൽ ആണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
ഓഹരി കൈമാറ്റ തീരുമാനം ബിസിനസ് തർക്കമായി കാണേണ്ട കാര്യമാണ്. അതിന്റെ പേരിലെ രാഷ്ട്രീയപ്പോര് അത്ര നല്ല കാര്യമല്ല. കരാർ ലംഘനങ്ങൾ നേരിടാൻ നിയമപരമായ നടപടി ക്രമങ്ങളുണ്ട്. വിഴിഞ്ഞത്തെ ചൊല്ലി വാദപ്രതിവാദങ്ങളും കോലാഹലങ്ങളും അണയാതെ നിൽക്കുന്നത് കേരളത്തിന്റെ താൽപര്യങ്ങൾക്ക് നല്ലതല്ല. രാഷ്ട്രീയ വിയോജിപ്പുകൾ നിലനിൽക്കെ തന്നെയാണ് മുൻപും ഇടത്, വലത് മുന്നണികൾ വിഴിഞ്ഞത്തിന് വേണ്ടി പ്രവർത്തിച്ചത്. ഉമ്മൻചാണ്ടി സർക്കാരിന്റെയും പിണറായി വിജയൻ സർക്കാരിന്റെയും നിലപാടുകൾ വിഴിഞ്ഞം സഫലമാക്കിയതിന് പിന്നിലുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
വിഴിഞ്ഞം വലിയൊരു ബിസിനസ് സംരംഭമാണെന്ന് വിമർശനങ്ങളും വിവാദങ്ങളും ഉയർത്തുന്നവർ ഓർക്കണം. വിഴിഞ്ഞം തുറമുഖത്തെ നിർജീവമാക്കുന്ന തലത്തിലേക്ക് വിവാദങ്ങളെ വളർത്തരുതെന്ന സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ നിലപാട് പക്വമാണ്. ആരോപണം ഉയർന്നാൽ വിശ്വസനീയമായ രീതിയിൽ അന്വേഷണം നടത്താനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുണ്ട്. അത് അവർ ചെയ്യണം. എന്തെങ്കിലും വീഴ്ചകൾ കണ്ടെത്തിയാൽ നടപടി വേണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു
കേരളത്തിന് വലിയ ഗുണം ചെയ്യുന്ന ഒരു പദ്ധതിയെ നശിപ്പിക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതിന് സമമാണ്. അത്ഭുതകരമായ വികസന സാധ്യതകളുള്ള വിഴിഞ്ഞം പദ്ധതിക്ക് കേരളത്തിന്റെ മുഖച്ഛായ മാറാനുള്ള കരുത്തുണ്ടെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും തിരിച്ചറിയണം. വിവാദങ്ങൾക്ക് അപ്പുറത്ത് വികസനമെന്ന ലക്ഷ്യമാണ് ഉയർന്നുനിൽക്കേണ്ടത്. വിഴിഞ്ഞത്തെ രാജ്യത്തെ ഒന്നാം നമ്പർ തുറമുഖമാക്കി മാറ്റാൻ സർക്കാർ ശ്രമിക്കണം. അതിന് വേണ്ടി ക്രിയാത്മക പിന്തുണ പ്രതിപക്ഷ പാർട്ടികൾ നൽകണമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
.jpg)

