പൊലീസ് സേനയിൽ നിർമിത ബുദ്ധിയടക്കം സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പൊലീസ് സേനയുടെ കഴിവും ശേഷിയും ഉയർത്തുന്നതിന്റെ ഭാഗമായി നിർമിത ബുദ്ധിയടക്കം സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ പൊലീസ് ജില്ലകൾക്കുള്ള ഡ്രോൺ വിതരണം, സോഫ്റ്റ്‌വെയർ ലോഞ്ചിങ് എന്നിവ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാലം മാറുന്നതിനനുസരിച്ച് ആധുനീകരണം എല്ലാ മേഖലകളിലും നടപ്പാക്കണമെന്നതാണ് സർക്കാർ നിലപാട്. ഡ്രോണുകൾ ഉപയോഗിക്കുന്നത് പൊലീസ് സേനയുടെ മികച്ച ചുവടുവെപ്പാണ്. ഡ്രോണുകളുടെ ശാസ്ത്രീയ പരിശോധനകൾക്കും സാങ്കേതിക വിവരങ്ങളുടെ പരിശോധനകൾക്കുമായാണ് പൊലീസ് ഡ്രോൺ ഫോറൻസിക് ലാബ് ആൻഡ് റിസർച് സെന്റർ സ്ഥാപിച്ചത്. ആന്റിഡ്രോൺ സിസ്റ്റം ഫലപ്രദമായി ഉപയോഗിക്കാനും ഡ്രോൺ ഫോറൻസിക് ലാബിന് കഴിയും.
ഡ്രോൺ പറത്താൻ 25 പേർക്ക് പൈലറ്റ് പരിശീലനവും 20 പേർക്ക് അടിസ്ഥാന പരിശീലനവും നൽകി. ഡ്രോണുകളുടെ ബ്രാൻഡിങ് തിരിച്ചറിയൽ, ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കൽ, നിർമാണ സവിശേഷതകൾ വീണ്ടെടുത്ത് വിശകലനം ചെയ്യൽ എന്നിവക്കായാണ് ഡ്രോൺ എക്സ് എന്ന ഡ്രോൺ ഫോറൻസിക് സോഫ്റ്റ്‌വെയർ തയാറാക്കിയത്. നൂതന സാങ്കേതികവിദ്യകൾ ഉൾക്കൊണ്ട് മികച്ച ശേഷിയിലേക്കുയരാൻ ഓരോ സേനാംഗവും തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡ്രോൺ പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി വിതരണം ചെയ്തു. വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷതവഹിച്ചു. എ.ഡി.ജി.പിമാരായ കെ. പത്മകുമാര്‍, ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ്, സൈബര്‍ ഡോം നോഡല്‍ ഓഫിസര്‍ കൂടിയായ ഐ.ജി പി. പ്രകാശ്, ഐ.ജിമാരായ സി. നാഗരാജു, എസ്. ശ്യാംസുന്ദര്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.