എൽ.ഡി.എഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച 600ൽ 580 ഇനങ്ങളും നടപ്പാക്കി : മുഖ്യമന്ത്രി പിണറായി വിജയൻ

വിഴിഞ്ഞം : എൽ.ഡി.എഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച 600 ഇനങ്ങളിൽ 580 കാര്യങ്ങളും നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. എഴ് വർഷമായി 80,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ കേരളത്തിൽ നടപ്പാക്കി. ആരോഗ്യരംഗത്ത് കേരളം ലോകനിലവാരത്തിലേക്ക് ഉയർന്നു. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് രണ്ട് വർഷം മുടങ്ങിക്കിടന്ന ക്ഷേമ പെൻഷൻ അധികാരത്തിലെത്തിയ ആദ്യ വർഷംതന്നെ കൂടിശ്ശിക തീർത്ത് നൽകി.
നിലവിൽ 1600 രൂപയാക്കുകയും ചെയ്തു. എൽ.ഡി.എഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തോട നുബന്ധിച്ച് ബുധനാഴ്ച വിഴിഞ്ഞത്ത് എൽ.ഡി.എഫ് കോവളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
5500കോടി രൂപ നല്കി മുടങ്ങിക്കിടന്ന നാഷണൽ ഹൈവേ നിർമാണം പുനരാരംഭിച്ചു. 6500 കോടിരൂപ അനുവദിച്ച് കാസർകോട് വരെയുള്ള തീരദേശ ഹൈവേയുടെ നിർമാണം ആരംഭിച്ചു.
മലയോര ഹൈവേക്കും 3500 കോടി രൂപ അനുവദിച്ചു. വിദ്യാഭ്യാസ രംഗത്ത് പത്ത് ലക്ഷം വിദ്യാർഥികൾ പൊതുവിദ്യാലയത്തിൽ എത്തി. 3000 കോടി രൂപയുടെ വികസനമാണ് സ്കൂളുകളിൽ നടന്നത്. ഇത്തരം വികസന പ്രവർത്തനങ്ങൾ നടത്തുന്ന കേരള സർക്കാരിനെ സാമ്പത്തികമായി തകർക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്.
മതനിരപേക്ഷത തകർത്ത് വർഗീയ വിഷവിത്തുകൾ വിതറാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫ് മണ്ഡലം കൺവീനർ അഡ്വ. പി.എസ്. ഹരികുമാർ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവർ സംസാരിച്ചു.
സി.പി.ഐ മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. എം. വിജയകുമാർ, പള്ളിച്ചൽ വിജയൻ, ഫിറോസ് ലാൽ, നീലലോഹിതദാസ്, ജമീല പ്രകാശം, പി. രാജേന്ദ്രകുമാർ, പാറക്കുഴി സുരേന്ദ്രൻ, പുല്ലുവിള സ്റ്റാൻലി, ജോസ് പ്രകാശ്, ഇടക്കുന്നിൽ മുരളി, സഫറുല്ല ഖാൻ, പൂജപ്പുര രാധാകൃഷ്ണൻ, പാളയം രാജൻ, തെന്നൂർക്കോണം ബാബു, ലോയിഡ്, വിഴിഞ്ഞം ജയകുമാർ, രഘുനാഥ്, കവടിയാർ ധർമ്മൻ എന്നിവർ പങ്കെടുന്നു.