‘ഇത് നയപ്രഖ്യാപനമല്ല മറിച്ച് ഒരു ‘നായരാഹിത്യ പ്രഖ്യാപനമാണ്’ നടന്നത്’ ; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ
തിരുവനന്തപുരം : ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ അതിരൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. ഇത് നയപ്രഖ്യാപനമല്ല മറിച്ച് ഒരു ‘നായരാഹിത്യ പ്രഖ്യാപനമാണ്’ നടന്നതെന്ന് നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട അർഹമായ വിഹിതങ്ങളെയും അവകാശങ്ങളെയും കുറിച്ച് ഒരു വാക്കുപോലും ഉരിയാടാൻ തയ്യാറാകാത്ത സർക്കാർ നിലപാട് കേരളത്തിന്റെ താൽപ്പര്യങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ കേരളത്തിന്റെ സമഗ്ര വികസനത്തിനായി ആവിഷ്കരിച്ച വികസന ബ്ലൂപ്രിന്റ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന കാര്യത്തിൽ പ്രസംഗത്തിൽ യാതൊരു വ്യക്തതയുമില്ല. നാടിന്റെ മുഖച്ഛായ മാറ്റിയ കിഫ്ബി, കുടുംബശ്രീ തുടങ്ങിയ സുപ്രധാന പദ്ധതികളെക്കുറിച്ച് പരാമർശിക്കാൻ പോലും സർക്കാർ തയ്യാറായില്ല എന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം 5429 കോടി രൂപ ഖജനാവിൽ നീക്കിയിരിപ്പ് വെച്ചാണ് എൽഡിഎഫ് സർക്കാർ അധികാരമൊഴിഞ്ഞത്. ഇത് മറച്ചുവെച്ചുകൊണ്ട് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അപകടത്തിലാണെന്ന് വരുത്തിത്തീർക്കാൻ സർക്കാർ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കുമെന്ന് പ്രഖ്യാപനത്തിൽ പറയുന്നുണ്ടെങ്കിലും അതിലേക്ക് എത്തിച്ചേരാനുള്ള വ്യക്തമായ സാമൂഹിക-സാമ്പത്തിക റോഡ് മാപ്പ് സർക്കാർ അവതരിപ്പിച്ചിട്ടില്ല. വർദ്ധിച്ചുവരുന്ന തൊഴിലുറപ്പ് പ്രതിസന്ധി, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികളുടെ തുടർച്ച, പശ്ചിമേഷ്യൻ യുദ്ധസാഹചര്യം പോലുള്ള പ്രധാന വിഷയങ്ങളെല്ലാം പൂർണ്ണമായും അവഗണിക്കപ്പെട്ടു. കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളെക്കുറിച്ച് മിണ്ടാൻ പോലും സർക്കാർ ഭയക്കുകയാണ്. ധവളപത്രം പുറത്തുവരുമ്പോൾ നിലവിലെ സാമ്പത്തിക നുണകൾക്ക് കൃത്യമായ മറുപടി നൽകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.െ
.jpg)

