കേന്ദ്ര നയത്തിന് ബദൽ നയം നടപ്പാക്കിയത് കൊണ്ടാണ് കേരളം വളർന്നത്, ആ നയം ഇപ്പോൾ ഇല്ല; പിണറായി വിജയൻ
തിരുവനന്തപുരം: വിപുലീകൃത സംസ്ഥാന - ജില്ലാ കമ്മിറ്റികൾ പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് കരുത്ത് പകർന്നു എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിതമായ കനത്ത തോൽവി ആണ് നേരിടേണ്ടി വന്നത്. ഇടതുപക്ഷം തകരണം എന്ന് ആഗ്രഹിച്ച വലതുപക്ഷ ശക്തികൾ അന്ന് മതിമറന്നു ആഹ്ലാദിക്കുന്നത് കണ്ടു. സിപിഐഎം തീർന്നിരിക്കുന്നു, ഇനി കര കയറില്ല എന്നാണ് പറഞ്ഞത്. തകർച്ചയുടെ ഘട്ടം, ശോഷിക്കാൻ പോകുന്നു എന്നായിരുന്നു പ്രചാരണം എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
വിജയം ഉണ്ടായാൽ മതിമറന്നു ആഘോഷിക്കുന്നവർ അല്ല തങ്ങൾ. പരാജയം ഉണ്ടായാൽ കടുത്ത നിരാശയിലേക്കും പോകില്ല. തിരുത്തേണ്ടത് തിരുത്തി ഭാവിയിലേക്ക് ഉള്ള കാര്യങ്ങൾ ചെയ്യുന്ന സമീപനമാണ് തങ്ങൾ സ്വീകരിച്ചിട്ടുള്ളത്. സാധാരണ രീതിയിൽ ഉള്ള പരിശോധനകൾ പാർട്ടിക്കകത്ത് നടന്നു. വിപുലീകൃത കമ്മിറ്റിക്ക് മുന്നേയുള്ള റാലികളിൽ വലിയ ജനപങ്കാളിത്തം ആണ് ഉണ്ടായത്. കോഴിക്കോട് കടപ്പുറം കണ്ട ഏറ്റവും വലിയ ബഹുജനറാലിയാണ് കഴിഞ്ഞ ദിവസത്തെ സമാപന സമ്മേളനത്തിൽ കണ്ടതെന്നും പിണറായി പറഞ്ഞു. തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം നോക്കിയാൽ ഇടതുപക്ഷത്തെ അങ്ങനെ എഴുതിത്തള്ളാൻ ആവില്ല എന്ന് ബോധ്യപ്പെടുത്തുന്നതാണ്. അത് വലതുപക്ഷം തന്നെ അംഗീകരിക്കുകയും ചെയ്തു. ഇന്നത്തെ സാഹചര്യത്തിൽ ഇടതുപക്ഷം കൂടുതൽ കരുത്തോടെ വരണം എന്ന് പൊതുവെ എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം ആർഎസ്എസിന്റെ ആഗ്രഹാഭിലാഷത്തിന് അനുസരിച്ചു ചിട്ടപെടുത്തിയതാണെന്നും പിണറായി വിമർശനമുയർത്തി. രാജ്യത്തിന്റെ ജനാധിപത്യം തകർക്കുന്ന സമീപനമാണ് ഉണ്ടായത്. സിപിഐഎം രാജ്യത്ത് മഹാശക്തി ആണ് എന്നൊന്നും അവകാശപ്പെടുന്നില്ല. എന്നാൽ ഗ്യാനേഷ്കുമാറിന് എതിരായ സമരത്തിൽ ഇടതുപക്ഷത്തിന്റെ സാന്നിധ്യം വളരെ കരുത്തോടെ രാജ്യം കണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സമരത്തിന് ശരിയായ ദിശാബോധം നൽകാൻ സിപിഐഎമ്മിന് കഴിഞ്ഞു. പ്രക്ഷോഭത്തെ ശക്തമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് സിപിഐഎം ആണെന്ന് രാജ്യം ഇന്ന് മനസിലാക്കുന്നു. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, പ്രതിഷേധത്തിനായി എല്ലാ സംഘടനകളെയും പ്രസ്ഥാനങ്ങളെയും ബന്ധപ്പെട്ടു. അത് വലിയ തരത്തിൽ സമരത്തിന് ഗുണം നൽകിയെന്ന് പിണറയായി വ്യക്തമാക്കി. രാജ്യത്തെ പാർട്ടികളിൽ സിപിഐഎമ്മിൻ്റെ അഖിലേന്ത്യ നേതാക്കൾ ആണ് എല്ലാവരും സമരത്തിൽ പങ്കെടുത്തത്. അതും രാജ്യത്ത് ശ്രദ്ധിക്കപ്പെട്ടു. ഇടതുപക്ഷ വിദ്യാർത്ഥി - യുവജന സംഘടനകൾ സുപ്രധാന പങ്കാണ് സമരത്തിൽ വഹിച്ചത്. ജന്തർ മന്ദറിൽ സമരത്തിന് കേന്ദ്രം വിലക്കേർപ്പെടുത്തിയപ്പോൾ രാജ്യം മുഴുവൻ തങ്ങൾ ജന്തർ മന്തർ ആക്കിയെന്നും അദ്ദേഹം പറഞ്ഞു.
അതിസമ്പന്നർ കൂടുതൽ സമ്പന്നർ ആകുകയും പാവപ്പെട്ടവർ പിന്നെയും ദരിദ്രർ ആവുകയും ചെയ്യുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്നും പിണറായി പറഞ്ഞു. കേരളം ഒരു പ്രത്യേക തുരുത്ത് ആയാണ് നിൽക്കുന്നത്. എല്ലാ കാര്യത്തിലും മാതൃകപരമായി ഇടപെട്ടു. കേരളമാണ് അതിദാരിദ്ര്യം ഒഴിവാക്കിയ സംസ്ഥാനം. രാജ്യത്തിന്റെ നയത്തിന് ബദൽ നയം നടപ്പാക്കിയത് കൊണ്ടാണ് അത് സംഭവിച്ചത്. ആ നയം ഇപ്പോൾ കേരളത്തിൽ ഇല്ലെന്നും യുഡിഎഫ് അവരുടെ നയം നടപ്പാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നവ- ഉദാരവത്കരണ നയമാണ് യുഡിഎഫിന് ഉള്ളത്. രാജ്യത്ത് ആകെ ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ആണ് കേന്ദ്രത്തിന്റെ ശ്രമിക്കുന്നത്. നേരത്തെ നമ്മുടെ സംസ്ഥാനം അതിനെ എതിർക്കുമായിരുന്നു. എന്നാൽ ഇപ്പോൾ വന്ദേമാതരം പൂർണമായും ചൊല്ലുന്ന വേദിയായി കോൺഗ്രസ് പരിപാടികൾ തന്നെ മാറിയെന്നും അദ്ദേഹം വിമർശിച്ചു. ആർഎസ്എസ് ആഗ്രഹിക്കുന്ന രീതിയിൽ പ്രവർത്തനം നടത്തുകയാണ്. വിദ്യാഭ്യാസ രംഗം പൂർണമായും വർഗീകരിക്കാൻ ശ്രമം നടക്കുന്നു. പിഎംശ്രീ വേണ്ട എന്ന് പറയാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറെ ഉപയോഗിച്ച് കൊണ്ട് പ്രവർത്തനം നടക്കുന്നു. ആർഎസ്എസ് നോമിനികളെ സർവകലാശാലയിൽ കുത്തിനിറക്കാൻ ശ്രമം നടക്കുന്നു. ഇതിനൊന്നും എതിരെ അര അക്ഷരം ഉച്ഛരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഗവർണറുമായി വഴക്കിനില്ല എന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്. ഇത് വഴക്കിന്റെ പ്രശ്നം അല്ല. നിലപാടിന്റെ പ്രശ്നം ആണ്. ആർഎസ്എസ് അജണ്ടകൾക്ക് കീഴ്പ്പെടുകയാണ് സർക്കാർ ചെയ്യുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. പിഎസ്സി പിരിച്ചുവിടാനുള്ള ഗവർണർ നീക്കം ഇല്ലാത്ത അധികാരം ഉപയോഗിച്ചാണെന്നായിരുന്നു അദ്ദേഹം കുറ്റപ്പെടുത്തിയ്ത. എന്തിനാണ് ആ നടപടി. എങ്ങനെ ഈ അധികാരം ഉപയോഗിക്കാൻ കഴിഞ്ഞു. പിഎസ്സി ഭരണഘടന സ്ഥാപനം ആണ്. അതൃപ്തി ഉണ്ടായാൽ അവരെ പിരിച്ചു അയക്കാൻ ഏത് ഔദ്യോഗിക സ്ഥാനത് ഉള്ളവർക്കും പറ്റില്ലെന്നും താൻ ഉദ്ദേശിക്കുന്നത് രാഷ്ട്രപ്തിയെ ഉൾപ്പടെയാണെന്നും പിണറായി പറഞ്ഞു. സുപ്രീം കോടതിയാണ് കുറ്റക്കാരൻ ആണെന്ന് കണ്ടത്തേണ്ടത്. അപ്പോൾ മാത്രമേ രാഷ്ട്രപതിക്ക് പോലും ഇടപെടാൻ കഴിയുകയുള്ളു. എന്തെ ഇതെല്ലാം മറന്നു പോയതെന്ന് ചോദിച്ച അദ്ദേഹം ഇപ്പോൾ ഇവിടെ ഇരു അവിശുദ്ധ ബന്ധം നിലനിൽക്കുന്നു എന്നും കുറ്റപ്പെടുത്തി.
പിഎസ്സിയുടെ വിശ്വാസ്യത തകർക്കുകയാണ് ലക്ഷ്യം വെക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ നിയമനം നൽകുന്ന പിഎസ്സി കേരളത്തിലേതാണ്. മൊത്തം പിഎസ്സി നൽകുന്നതിന്റെ, 60% കേരള പിഎസ്സി യാണ് നിയമനം നൽകുന്നത്. അത് തകർക്കാൻ ഉള്ളത് ആണ് നിലവിലെ ശ്രമം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വി ഡി സതീശൻ - ആർലേകറുമായി ഒരു ഡീൽ ഉറപ്പിച്ചു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിന്റെ നന്ദി പ്രകടനം ആണ് യാത്രയയപ്പിൽ കണ്ടത്. വിമാനത്താവളത്തിൽ പോയി ആലിംഗനം ചെയ്യുന്ന മുഖ്യമന്ത്രിയെ ആണ് കണ്ടത്. ഇത് ഡീൽ അല്ലാതെ മറ്റു എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കിഫ്ബി വിഷത്തിലും അദ്ദേഹത്തിന്റെ പ്രതികരണമുണ്ടായി. കിഫ്ബി മുഖേനെ കേരളത്തിൽ എന്തെല്ലാം പദ്ധതികൾ നടപ്പാക്കിയെന്നും ഇപ്പോൾ കിഫ്ബിയെ തകർക്കാൻ ആണ് നീക്കം നടക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. വയനാട് തുടങ്ങിവച്ച ടൗൺ ഷിപ്പ് സർക്കാർ ഏറ്റെടുത്തോ എന്നും തുരങ്കപാത ഏറ്റെടുത്തോ എന്നും അദ്ദേഹം ചോദിച്ചു. കേരളത്തെ പിന്നോട്ട് അടിപ്പിക്കാൻ ആണ് ശ്രമമാണ് നടക്കുന്നതെന്നു കുറ്റപ്പെടുത്തി. മാരിടൈം ബോർഡിന് സർവാധികാരം നൽകാനാണ് സർക്കാർ നീക്കം എന്നായിരുന്നു ഇന്ന് നിയമസഭ പാസാക്കിയ ഭേദഗതി ബില്ലിനെ സംബന്ധിച്ച വിമർശനം. അതിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. അവിടെ ഫിഷറീസ് മന്ത്രിയെയോ, റവന്യു മന്ത്രിയെയോ, ഉദ്യോഗസ്ഥരെയോ കാണാനില്ല. വൻകിട കോർപറേറ്റുകൾ പറയുന്നത് പോലെ പ്രവർത്തിക്കാൻ ആണ് ശ്രമം. മത്സ്യതൊഴിലാളികളെ ദ്രോഹിക്കുന്ന രീതിയാണ് ഇത്. പ്രത്യക്ഷത്തിൽ കോർപറേറ്റ് സഹായത്തോടെയുള്ള പദ്ധതികൾ ഒന്നിന് പുറകെ ഒന്നായി വരികയാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. കോർപറേറ്റ് വത്കരണം കൊണ്ടുവരികയാണ്. അത് ചെറുക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി വരണമെന്നും സിപിഐഎംന്റെ കരുത്ത് കാണിക്കണമെന്നും പിണറായി ആഹ്വാനം ചെയ്തു.
.jpg)


