പിണറായിയുടെ പല പരാമർശങ്ങളും തെരഞ്ഞെടുപ്പിൽ ദോഷം ചെയ്തു, തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സിപിഎം നേതൃത്വം ; പാലക്കാട് ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്‌ഐയുടെ രൂക്ഷവിമർശനം

dyfi

  പാലക്കാട് : തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സിപിഎം നേതൃത്വമെന്ന് ഡിവൈഎഫ്‌ഐ. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സിപിഎം നേതൃത്വത്തിനെതിരെ ഡിവൈഎഫ്‌ഐ വിമർശനം ഉയർത്തിയത്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയുമാണ് വിമർശനം.

പിണറായിയുടെ പല പരാമർശങ്ങളും തെരഞ്ഞെടുപ്പിൽ ദോഷം ചെയ്തുവെന്നും ബന്ധുക്കളെ സ്ഥാനാർത്ഥികളാക്കുന്ന പ്രവണത നേതാക്കൾ ഒഴിവാക്കണമെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു. യുഡിഎഫ് യുവാക്കൾക്ക് പ്രാതിനിധ്യം നൽകി. എന്നാൽ എൽഡിഎഫിൽ അതുണ്ടായില്ല. മട്ടന്നൂരിൽ വി.കെ സനോജിന് ഭൂരിപക്ഷം കുറഞ്ഞത് എന്തുകൊണ്ടാണെന്ന് നേതൃത്വം പരിശോധിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

ഡിവൈഎഫ്‌ഐയെ സിപിഎം ബി ടീമാക്കിയെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ഡിവൈഎഫ്‌ഐയെ കൈപ്പിടിയിലൊതുക്കുന്നുവെന്നും വിമർശനമുണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. സിപിഎം ജില്ലാകമ്മിറ്റി ഓഫീസിന് നേരെ അക്രമം ഉണ്ടായപ്പോൾ ഡിവൈഎഫ്‌ഐയെ കുറ്റപ്പെടുത്തിയ സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാട് ശരിയായില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.

കൂടാതെ പാലക്കാട് ജില്ലയിൽ ഡിവൈഎഫ്‌ഐ അംഗങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതായും ജില്ലാ നേതൃത്വം നിർജീവമാണെന്നും നേതാക്കൾ ചൂണ്ടിക്കട്ടി. 

Tags