പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം, അഴിമതികള്‍ പുറത്തുകൊണ്ടുവരുന്നതുവരെ താന്‍ പോരാട്ടം തുടരുമെന്ന് സ്വപ്‌ന സുരേഷ്
പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രമാണെന്നും അവരുടെ 'യഥാര്‍ഥ നിറം' പുറത്തുകൊണ്ടുവരുമെന്നും സ്വപ്ന ആരോപിച്ചു.
പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. പിണറായി വിജയന്റെ ഭരണകാലത്തെ അഴിമതികള്‍ പുറത്തുകൊണ്ടുവരുന്നതുവരെ താന്‍ പോരാട്ടം തുടരുമെന്നും വിശ്രമിക്കില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രമാണെന്നും അവരുടെ 'യഥാര്‍ഥ നിറം' പുറത്തുകൊണ്ടുവരുമെന്നും സ്വപ്ന ആരോപിച്ചു. പിണറായി വിജയന്‍ എത്രത്തോളം ക്രൂരത നിറഞ്ഞ വ്യക്തിയാണെന്ന് പുറത്തുകൊണ്ടുവരുന്നതുവരെ താന്‍ പിന്നോട്ടുപോകില്ലെന്നും അവര്‍ പറഞ്ഞു.
പിണറായി വിജയന്‍ അധികാരത്തിലിരിക്കെ നടന്നതായി താന്‍ ആരോപിക്കുന്ന അഴിമതികളെക്കുറിച്ച് ലോകത്തോട് ആദ്യം വിളിച്ചുപറഞ്ഞത് താനാണെന്ന് സ്വപ്ന പറഞ്ഞു. ഇതിന്റെ പേരില്‍ തനിക്കെതിരെ വിവിധ സ്ഥലങ്ങളില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും സത്യസന്ധമായ അന്വേഷണം നടത്താനോ വിചാരണ ആരംഭിക്കാനോ അനുവദിച്ചില്ലെന്നാണ് അവരുടെ ആരോപണം. ജീവനോടെ ഇരിക്കുന്ന കാലത്തോളം സത്യം പുറത്തുകൊണ്ടുവരാന്‍ പോരാടുമെന്നും സ്വപ്ന വ്യക്തമാക്കി.
സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ സ്വീകരിച്ച അതേ തന്ത്രമാണ് മാസപ്പടി കേസിലും നടപ്പാക്കുന്നതെന്നാണ് സ്വപ്നയുടെ ആരോപണം. ഇ.ഡി. കസ്റ്റഡിയിലായിരുന്ന സമയത്ത് ഒരു പൊലീസുകാരന്റെ കൈവശം ഫോണ്‍ കൊടുത്തയച്ച് പിണറായി വിജയന്റെയും മുഖ്യമന്ത്രിയുടെയും പേര് പറയാന്‍ ഇ.ഡി. ഭീഷണിപ്പെടുത്തുന്നുവെന്ന് പറയാന്‍ ആവശ്യപ്പെട്ടതായും സ്വപ്ന ആരോപിച്ചു.
തുടര്‍ന്ന് തന്റെ രഹസ്യമൊഴി ഇല്ലാതാക്കുന്നതിനായി കോണ്‍സുലേറ്റ് പി.ആര്‍.ഒ ആയിരുന്ന സരിത്തിനെ തട്ടിക്കൊണ്ടുപോയെന്നും അവര്‍ ആരോപിച്ചു. തന്റെ അഭിഭാഷകനെ മാറ്റി തങ്ങള്‍ നിര്‍ദേശിക്കുന്ന അഭിഭാഷകനെ നിയമിക്കണമെന്നും പുതിയ മൊഴി നല്‍കണമെന്നും ആവശ്യപ്പെട്ടതായും സ്വപ്ന പറഞ്ഞു.
മകളെ ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇ.ഡി. നിര്‍ബന്ധിച്ച് മൊഴിയെടുപ്പിച്ചുവെന്ന ആരോപണവും സ്വപ്ന ഉന്നയിച്ചു. ഒരാളെ മാത്രം ചോദ്യം ചെയ്താല്‍ അഴിമതി പുറത്തുവരില്ലെന്നും പിന്നില്‍ ഒരു സിന്‍ഡിക്കറ്റാണെന്നും അവര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ എന്തെങ്കിലും തടസ്സം നേരിട്ടാല്‍ എം. ശിവശങ്കര്‍ തനിക്ക് കൈമാറിയതായി പറയുന്ന രേഖകളും തെളിവുകളും പുറത്തുവിടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലായതിനാലാണ് രേഖകള്‍ പുറത്തുവിടാത്തതെന്നും അവര്‍ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ ഡേറ്റ സ്പ്രിങ്ക്ളറിന് കൈമാറിയവരുടെ യഥാര്‍ഥ മുഖം പുറത്തുകൊണ്ടുവരുമെന്നും സ്വപ്ന ആരോപിച്ചു.
.jpg)

