'ഡാഷ് മോനെ രേവന്ത' യ്ക്ക് ശേഷം വീണ്ടും രേവന്ത് റെഡ്ഡിക്കെതിരെ വിമർശനവുമായി പിണറായി വിജയൻ
തിരുവനന്തപുരം: ഡാഷ് മോനെ രേവന്ത എന്ന പ്രയോഗത്തിന് ശേഷം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വീണ്ടും വിമർശനവുമായി പിണറായി വിജയന്‍. കയ്യേറ്റമൊഴിപ്പിക്കല്‍ ദൗത്യസംഘത്തിന്റെ പേര് അഡോള്‍ഫ് ഹിറ്റ്ലറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇട്ടതാണെന്ന രേവന്ത് റെഡ്ഡിയുടെ പരാമർശത്തെയാണ് പിണറായി വിമർശിച്ചത്. രേവന്ത് റെഡ്ഡിയുടെ പുതിയ പ്രസ്താവന ഞെട്ടിക്കുന്നതും ജനാധിപത്യ സമൂഹത്തെ അപഹസിക്കുന്നതുമാണ്. ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് സ്വന്തമായുണ്ട് എന്നത് ലജ്ജാകരമാണ്. പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
പിണറായി വിജയന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
തെലങ്കാനയിലെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഏറ്റവും പുതിയ പ്രസ്താവന അങ്ങേയറ്റം ഞെട്ടിക്കുന്നതും ജനാധിപത്യ സമൂഹത്തെ അപഹസിക്കുന്നതുമാണ്. തന്റെ ബുള്‍ഡോസര്‍ രാജ് നടപ്പാക്കാനായി സൃഷ്ടിച്ച 'ഹൈഡ്ര' (HYDRAA) എന്ന സംവിധാനത്തിന് ആ പേര് നല്‍കിയത് ലോകചരിത്രം കണ്ട ഏറ്റവും ക്രൂരനായ വംശീയവാദിയും ഏകാധിപതിയുമായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് അദ്ദേഹം പരസ്യമായി അഭിമാനപൂര്‍വ്വം പ്രസ്താവിച്ചിരിക്കുന്നു.
ഹിറ്റ്ലറുടെ പ്രിയപ്പെട്ട വാക്കായിരുന്നു ഹൈഡ്ര എന്നും അവരെപ്പോലെ ആരെയും കൊല ചെയ്യാന്‍ ശേഷിയുള്ള ഒരു സംവിധാനമാണ് തന്റെ പ്രചോദനം എന്നുമാണ് ഒരു ജനാധിപത്യ രാജ്യത്തെ മുഖ്യമന്ത്രി വേദിയില്‍ വിളിച്ചുപറഞ്ഞത്. ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോണ്‍ഗ്രസ്സ് പാര്‍ടിക്ക് സ്വന്തമായുണ്ട് എന്നത് ലജ്ജാകരമാണ്.
ഹിറ്റ്‌ലറുടെ ഹൈഡ്ര ഒരു പോപ് കള്‍ച്ചര്‍ സൃഷ്ടി മാത്രമായിരുന്നെങ്കില്‍ ഇവിടെ ഒരു ജനാധിപത്യ സംവിധാനത്തിന് അകത്ത് അതിന് മൂര്‍ത്തരൂപം നല്‍കാന്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കിയിരിക്കുകയാണ്. ഇത് കേവലമൊരു നാക്കുപിഴയായി കാണാന്‍ കഴിയില്ല. അടിയന്തരാവസ്ഥയിലൂടെ ഇന്ത്യയുടെ ജനാധിപത്യ അവകാശങ്ങളെ കശാപ്പ് ചെയ്ത കോണ്‍ഗ്രസ്സിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ സ്വഭാവം തന്നെയാണ് രേവന്ത് റെഡ്ഡിയുടെ വാക്കുകളിലൂടെ പുറത്തു ചാടിയത്.
ഹിറ്റ്ലറുടെ കൊലയാളി സംഘത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണം നടത്തുന്നത് എന്ത് ജനാധിപത്യ മാതൃകയാണ് ?
രേവന്ത് റെഡ്ഡിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് അയാളുടെ പഴയ സംഘപരിവാര്‍ പശ്ചാത്തലം കൂടിയാണ്. കോണ്‍ഗ്രസ്സിനകത്തും ഇതേ നിലപാടുകളുമായി അയാള്‍ക്ക് മുന്നോട്ടുപോവാന്‍ കഴിയുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍, ഇത്തരം നിലപാടുകളെക്കൂടി ഉള്‍കൊള്ളുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്സ്. ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും ഫാസിസ്റ്റ് നയങ്ങളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സിന് ഒരിക്കലും കഴിയില്ല എന്ന് ഇടതുപക്ഷം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതിന്റെ അടിസ്ഥാനം ഇത് തന്നെയാണ്. ജനാധിപത്യ വിശ്വാസികള്‍ ഈ അപകടം തിരിച്ചറിയുക തന്നെ വേണം.
.jpg)

