‘പിണറായി വിജയന്റെ യാത്ര കേരളത്തിലെ ജനങ്ങള്‍ക്ക് നേരെയുള്ള കൊഞ്ഞനം കുത്തല്‍’; രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍

google news
k sudhakaran

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെരിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയന്റെ യാത്ര കേരളത്തിലെ ജനങ്ങള്‍ക്ക് നേരെയുള്ള കൊഞ്ഞനം കുത്തല്‍. അന്തസ്സും അഭിമാനവുമുണ്ടെങ്കില്‍, കേരളത്തിലെ ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മനസ്സുണ്ടെങ്കില്‍, ഇത്തരം ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാന്‍ ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ആഡംബര ബസ് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുന്നു. പിണറായി കേരളത്തോട് ചെയ്യുന്നത് ഏറ്റവും വലിയ അപരാധം. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പണം കിട്ടുന്നില്ല, പണം നല്‍കിയിരുന്നെങ്കില്‍ അവരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. മുഖ്യമന്ത്രിയുടെ ആത്മരക്ഷയ്ക്ക് കോടികളാണ് ചെലവഴിക്കുന്നത്. പിണറായി വിജയന് ആരില്‍ നിന്നാണ് ഇത്രയ്ക്കും ഭീഷണിയെന്നും സുധാകരന്‍ ചോദിച്ചു.

കേരളത്തിലെ ആര്‍ക്കും തന്നെ മുഖ്യമന്ത്രിയെ വേണ്ട. മുഖ്യമന്ത്രി ഒരു പുനരാലോചന നടത്തണം. കൂടെയുള്ളവര്‍ അദ്ദേഹത്തെ ഉപദേശിച്ച് നന്നാക്കാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സില്‍ സഹകരിക്കാന്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കും താല്‍പര്യമുണ്ടെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്കും കെപിസിസി അധ്യക്ഷന്‍ മറുപടി നല്‍കി.

‘റിയാസ് തന്റെ അഭിപ്രായം പറഞ്ഞു. യുഡിഎഫിന് അങ്ങനെയൊരു അഭിപ്രായമില്ല. യു.ഡി.എഫില്‍ ബാന്‍ഡ് സമ്പ്രദായമില്ല, പരസ്പര ധാരണ മാത്രമേയുള്ളൂ. നവകേരള സദസ്സില്‍ പങ്കെടുക്കുന്നവരെയെല്ലാം കേരളത്തിലെ ജനങ്ങള്‍ ശപിക്കുമെന്നതില്‍ സംശയമില്ല’- കെ സുധാകരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് വ്യാജ തെരഞ്ഞെടുപ്പ് ഐഡി വിവാദത്തിലും കെ സുധാകരന്‍ പ്രതികരിച്ചു. ‘വിഷയം അഖിലേന്ത്യാ സമിതി അന്വേഷിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയില്ല. അങ്ങനെ സംഭവിക്കാനുള്ള സാധ്യതകള്‍ കുറവാണ്, സംഭവിച്ചു കൂടായികയില്ല’- സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Tags