ചൂരൽമലയിൽ 34 കോടി രൂപയുടെ പുതിയ പാലത്തിന് പൈലിങ് ആരംഭിച്ചു; ആധുനിക ബോസ്ട്രിങ് മാതൃകയിൽ നിർമാണം
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട്ടിലെ ചൂരൽമലയിൽ 34 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ പൈലിങ് ജോലികൾ ആരംഭിച്ചു. ദുരന്തത്തിന് പിന്നാലെ സൈന്യം താൽക്കാലികമായി നിർമിച്ച ബെയ്‌ലി പാലത്തിന് സമാന്തരമായാണ് പുതിയ പാലം ഉയരുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് (യുഎൽസിസി) നിർമാണച്ചുമതല. നിലവിൽ ചൂരൽമല ടൗണിലെ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലാണ് ആദ്യഘട്ട പൈലിങ് പുരോഗമിക്കുന്നത്.
ആകെ 267.95 മീറ്റർ നീളത്തിലാണ് പുതിയ പാലം വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ പുഴയ്ക്ക് കുറുകെയുള്ള ഭാഗത്തിന് 107 മീറ്ററും ഇരുകരകളിലുമായി 80 മീറ്റർ വീതവുമാണ് നീളം. പുഴയ്ക്കുള്ളിൽ തൂണുകളില്ലാത്ത രീതിയിൽ ബോസ്ട്രിങ് മാതൃകയിൽ ഗർഡറുകൾ പരസ്പരം ബന്ധിപ്പിച്ചാണ് പാലം നിർമിക്കുന്നത്. ഉരുൾപൊട്ടൽ സമയത്ത് പുഴയിൽ രേഖപ്പെടുത്തിയ പരമാവധി ജലനിരപ്പിനേക്കാൾ ഉയർന്ന അളവിലാണ് പാലം രൂപകൽപ്പന ചെയ്തിട്ടുള്ളത്. ചൂരൽമല ടൗണിന് സമീപത്ത് നിന്ന് തുടങ്ങി മുണ്ടക്കൈ, അട്ടമല റോഡുകൾ സംഗമിക്കുന്ന ജങ്ഷനിലാണ് പാലം അവസാനിക്കുക.
അതേസമയം, പാലം നിർമാണത്തിനായി ചൂരൽമല ടൗണിനോട് ചേർന്നുള്ള സ്വകാര്യ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായിട്ടില്ല. പൂർണമായ നഷ്ടപരിഹാരം ലഭിക്കാതെ ഭൂമി വിട്ടുനൽകില്ലെന്ന നിലപാടിലാണ് വ്യാപാരികൾ. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയായാൽ അപ്രോച്ച് റോഡുകൾ ഉൾപ്പെടെ മുഴുവൻ പദ്ധതിയും പൂർത്തിയാക്കാൻ രണ്ട് വർഷം കൂടി വേണ്ടിവരുമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അസിസ്റ്റന്റ് എൻജിനീയർ അർച്ചന സി.ആർ. വ്യക്തമാക്കി. നിർമാണസ്ഥലത്തുനിന്ന് അട്ടമലയിലേക്കുള്ള റോഡ് ഒൻപത് കോടി രൂപ ചെലവിൽ നവീകരിച്ചിട്ടുണ്ട്. പുതിയ പാലവും അപ്രോച്ച് റോഡുകളും സജ്ജമാകുന്നതോടെ മേഖലയിലെ ഗതാഗതസൗകര്യം വലിയ രീതിയിൽ മെച്ചപ്പെടും.
.jpg)


