ശബരിമലയിൽ വെർച്വൽ ക്യൂ സ്ലോട്ടുകൾ നിറഞ്ഞിട്ടും തീർത്ഥാടകർ എത്തുന്നില്ല; 50 ലക്ഷം ബുക്കിങ് വിവരങ്ങൾ പരിശോധിക്കാൻ പൊലീസ്

Pilgrims not arriving at Sabarimala despite virtual queue slots being full; Police to check 50 lakh booking details

പത്തനംതിട്ട: ശബരിമലയിൽ മുൻവർഷങ്ങളിലേതുപോലെ തീർത്ഥാടകർ എത്താത്തതിന്റെ കാരണം കണ്ടെത്താനാകാതെ ദേവസ്വം ബോർഡും പൊലീസും. വെർച്വൽ ക്യൂ സ്ലോട്ടുകൾ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടിട്ടും ഭക്തർ ദർശനത്തിന് എത്താത്ത സംഭവത്തിൽ വലിയ ദുരൂഹതയാണ് നിലനിൽക്കുന്നത്. ഇന്നലെ (ബുധനാഴ്ച) മാത്രം വെർച്വൽ ക്യൂ ബുക്ക് ചെയ്ത 23,000 പേരാണ് ദർശനത്തിന് എത്താതിരുന്നത്. ആകെ 59,601 പേരാണ് ഇന്നലെ പമ്പ വഴി ദർശനത്തിനെത്തിയത്; ഇതിൽ വെർച്വൽ ക്യൂ വഴി എത്തിയത് 47,000-ത്തോളം പേർ മാത്രമാണ്.

സംഭവത്തിൽ പൊലീസ്, വിജിലൻസ്, ദേവസ്വം വിജിലൻസ്, സൈബർ പൊലീസ് സംഘങ്ങൾ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. തീർത്ഥാടനത്തിന്റെ തുടക്കത്തിൽ തന്നെ വെർച്വൽ ക്യൂ ബുക്ക് ചെയ്ത 50 ലക്ഷത്തിലേറെ ആളുകളുടെ വിവരങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇതിനായി വെർച്വൽ ക്യൂ ബുക്കിങ്ങിന് ദേവസ്വം ബോർഡിനെ സഹായിക്കുന്ന ടാറ്റാ കൺസൾട്ടൻസി സർവീസസിൽ (TCS) നിന്ന് പമ്പ പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ചെന്നൈയിലും കോയമ്പത്തൂരും ചില ഏജൻസികൾ ഡമ്മി ബുക്കിങ്ങിലൂടെ കൂട്ടമായി വെർച്വൽ ക്യൂ സ്ലോട്ടുകൾ കൈക്കലാക്കിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപുറമെ സംസ്ഥാനത്തിനകത്തുനിന്നും സമാനമായ രീതിയിൽ കൂട്ട ബുക്കിങ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്തതോടെ മാലയിട്ട് വ്രതം നോക്കുന്ന യഥാർത്ഥ ഭക്തർക്ക് ദർശനത്തിന് അവസരം ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇത് തടയുന്നതിനായി റദ്ദാക്കുന്ന വെർച്വൽ ക്യൂ സ്ലോട്ടുകൾ എട്ട് മണിക്കൂറിന് ശേഷം മാത്രം വീണ്ടും ലഭ്യമാക്കുന്ന രീതിയിലേക്ക് ദേവസ്വം ബോർഡ് മാറ്റം വരുത്തിയിട്ടുണ്ട്.

തീർത്ഥാടനം ഒരാഴ്ച പിന്നിട്ടിട്ടും സന്നിധാനത്ത് പ്രതീക്ഷിച്ച തിരക്കില്ലാത്തത് ഗൗരവകരമായാണ് അന്വേഷണ സംഘങ്ങൾ വിലയിരുത്തുന്നത്. നേരത്തെ തീർത്ഥാടനകാലത്ത് ജലവിതരണം തടസ്സപ്പെടുത്താനും അന്നദാനം പ്രതിസന്ധിയിലാക്കാനും ശ്രമം നടന്ന പശ്ചാത്തലത്തിൽ, നിലവിലെ സാഹചര്യത്തിന് പിന്നിൽ ബോധപൂർവ്വമായ ഇടപെടലുകളുണ്ടോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

Tags