ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകളും ഡോക്ടര്‍മാരല്ല, പേരിന് മുന്നില്‍ ഡോക്ടര്‍ എന്ന് ഉപയോഗിക്കരുത് : ഹൈക്കോടതി
കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകളും ഡോക്ടര്‍മാരല്ലെന്ന് ഹൈക്കോടതി. പേരിന് മുന്നില്‍ ഡോക്ടര്‍ എന്ന് ഉപയോഗിക്കരുതെന്നും ഫിസിയോ തെറാപ്പിസ്റ്റുകള്‍ പേരിന് മുന്നില്‍ ഡോക്ടര്‍ എന്ന് ഉപയോഗിക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
അംഗീകൃത മെഡിക്കല്‍ യോഗ്യതയില്ലാതെ ഡോക്ടര്‍ എന്ന് പേരിനുമുന്നില്‍ വയ്ക്കുന്നത് നിയമവിരുദ്ധമാണ് എന്നാണ് ഹൈക്കോടതി പറയുന്നത്. തെറാപ്പിസ്റ്റുകള്‍ ഡോക്ടര്‍ എന്ന് ഉപയോഗിക്കുന്നത് തടയണം എന്ന ഫിസിക്കല്‍ മെഡിസിൻ അസോസിയേഷന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
1916-ലെ ഇന്ത്യന്‍ മെഡിക്കല്‍ ഡിഗ്രി ആക്ടിലെ വ്യവസ്ഥകളും ഫിസിയോതെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി എന്നിവയ്ക്കുളള യോഗ്യതാധിഷ്ഠിത പാഠ്യപദ്ധതിയിലെ Ext.P1,P1(a) എന്നീ വകുപ്പുകളും തമ്മില്‍ വ്യക്തമായ വൈരുദ്ധ്യമുണ്ടെന്നും അംഗീകൃത മെഡിക്കല്‍ യോഗ്യത കൈവശം വയ്ക്കാതെ ഡോക്ടര്‍ എന്ന തലക്കെട്ട് ഉപയോഗിക്കുന്നത് നിയമലംഘനമായിരിക്കും എന്നുമാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്. ഇതോടെ ഫിസിയോതെറാപ്പിസ്റ്റുകളും ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകളും ഡോക്ടര്‍ എന്ന് പേരിന് മുന്നില്‍ വയ്ക്കുന്നത് കുറ്റകരമാകും.
ഫിസിയോതെറാപ്പിസ്റ്റുകളും ഒക്കുപ്പേഷണല്‍ തെറാപ്പി പ്രൊഫഷണലുകളും തങ്ങളെ സ്വയം ആരോഗ്യ സംരക്ഷണ ദാതാക്കളായി പ്രഖ്യാപിക്കരുതെന്നും അവരുടെ പേരിന് മുന്നില്‍ ഡോ. (ഡോക്ടര്‍) എന്ന പ്രിഫിക്‌സ് ഉപയോഗിക്കരുതെന്നും നിര്‍ദേശിക്കുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ഫിസിക്കല്‍ മെഡിസില്‍ അസോസിയേഷന്‍ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടത്.
.jpg)


