ഫോണുകള്‍ ഒഴിവാക്കും,മുഴുവൻ ബൂത്തുകളിലും ക്യാമറ,കര്‍ശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

home vote

മൊബൈല്‍ ഫോണുകള്‍ ബൂത്തിനകത്ത് കൊണ്ടു പോകാൻ പറ്റില്ല. വോട്ടർമാർക്കും ഏജൻറുമാർക്കും നിരോധനം ബാധകമാണ്. പ്രിസൈഡിംഗ് ഓഫീസർമാർക്ക് മാത്രമാണ് ഫോണ്‍ ഉപയോഗത്തിന് അനുമതി.

തിരുവനന്തപുരം: കള്ള വോട്ടും തിരിമറിയും തടയാനും വോട്ടെടുപ്പ് സുതാര്യമാക്കാനുള്ള കർശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടല്‍. മുഴുവൻ ബൂത്തുകളിലും ക്യാമറ സ്ഥാപിക്കാനും മൊബൈല്‍ ഫോണുകള്‍ ഒഴിവാക്കാനുമാണ് പദ്ധതി.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീന പരിപാടികളില്‍ ഇതു സംബന്ധിച്ച നിർദേശം അധികൃതർ നല്‍കുന്നുണ്ട്.

. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ പോളിങ് ബൂത്തുകളുടെയും അകത്തും പുറത്തും സിസിടിവി കാമറകള്‍ സ്ഥാപിക്കും. വോട്ടെടുപ്പിനിടെ ബൂത്തിന് അകത്തുo പുറത്തും നടക്കുന്ന കാര്യങ്ങള്‍ കലക്‌ട്രേറ്റിലും തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർക്കും തത്സമയം കാണാൻ ഇതുവഴി കഴിയും.

പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ ഇടപെടല്‍ സാധ്യമാക്കാനാണ് തീരുമാനം. നിലവില്‍ പ്രശ്‌ന ബാധിത ബൂത്തുകളില്‍ മാത്രമാണ് വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്താറുള്ളത്. ഇതിന് പുറമെ ബൂത്തിനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും നിരോധനം വരും.

ഇതോടെ മൊബൈല്‍ ഫോണുകള്‍ ബൂത്തിനകത്ത് കൊണ്ടു പോകാൻ പറ്റില്ല. വോട്ടർമാർക്കും ഏജൻറുമാർക്കും നിരോധനം ബാധകമാണ്. പ്രിസൈഡിംഗ് ഓഫീസർമാർക്ക് മാത്രമാണ് ഫോണ്‍ ഉപയോഗത്തിന് അനുമതി. വോട്ടർമാരുടെ ഫോണുകള്‍ ബൂത്തിന് പുറത്ത് സൂക്ഷിക്കാൻ പ്രത്യേക സംവിധാനവും അധികൃതർ തന്നെ ഒരുക്കും. തെരഞ്ഞെടുപ്പ് നടപടികള്‍ കുറ്റമറ്റതാക്കാനുള്ള നിർദേശങ്ങള്‍ നടപ്പാകുന്നതോടെ ബൂത്തുകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരും സംവിധാനങ്ങളും വേണ്ടിവരും.

Tags