ചാർജ് ചെയ്യുന്നതിനിടെ ഫോൺപൊട്ടിത്തെറിച്ച് തീപിടിത്തം; പാലക്കാട് വിദ്യാർഥിനിയുടെ സർട്ടിഫിക്കറ്റുകൾ കത്തിനശിച്ചു

Phone explodes while charging, catches fire; Palakkad student's certificates burnt
Phone explodes while charging, catches fire; Palakkad student's certificates burnt

കൊല്ലങ്കോട്: പാലക്കാട്  വീടിന്റെ മുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ വിദ്യാര്‍ഥിനിയുടെ എസ്എസ്എല്‍സി, പ്ലസ് ടു ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളും പുസ്തകശേഖരവും കത്തിനശിച്ചു.

കൊല്ലങ്കോട് ഊട്ടറയ്ക്കടുത്ത് വിപി തറ ശ്രീജാലയത്തില്‍ ഗോപാലകൃഷ്ണന്റെ (രാജു) വീട്ടിലാണ് കഴിഞ്ഞദിവസം നാശമുണ്ടായത്. റെയില്‍വേയുടെ മത്സരപ്പരീക്ഷയ്ക്ക് തയ്യാറാകുന്ന മകള്‍ പത്മജയുടെ പഠനമുറിയിലാണ് പൊട്ടിത്തെറിയുണ്ടായത്.

tRootC1469263">

സംഭവം നടക്കുന്നതിന് അഞ്ചുമിനിറ്റ് മുമ്പാണ് ചായ കുടിക്കാനായി പത്മജ താഴേക്ക് ഇറങ്ങിവന്നതെന്നും ജനലിലൂടെ പുക ഉയരുന്നതു കണ്ട് മുകളിലെത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടതെന്നും പത്മജയുടെ അമ്മ ശ്രീജ പറഞ്ഞു. കഞ്ചിക്കോട്ട് സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായ ഗോപാലകൃഷ്ണനും കോയമ്പത്തൂരില്‍ വിദ്യാര്‍ഥിനിയായ മറ്റൊരു മകള്‍ കൃഷ്ണജയും സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. പരിസരവാസികളും കൊല്ലങ്കോടുനിന്ന് അഗ്‌നിരക്ഷാസേനയും എത്തിയാണ് തീ നിയന്ത്രിച്ചത്.

മുറിയുടെ വാതിലുകളും അകത്തുണ്ടായിരുന്ന സാധനസാമഗ്രികളും കത്തിക്കരിഞ്ഞു. സ്വിച്ച് ബോര്‍ഡും ചിതറിയിരുന്നു. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച പ്ലാസ്റ്റിക് മേശയും അതിനുമുകളില്‍ ഉണ്ടായിരുന്ന രേഖകളും കുറച്ച് പണവും കത്തിനശിച്ചു. ആളപായം ഒഴിവായതിന്റെ ആശ്വാസത്തിലാണ് ഗോപാലകൃഷ്ണനും കുടുംബവും.

കബഡി ജില്ലാതാരമായിരുന്ന പത്മജയുടെ കായികനേട്ടങ്ങള്‍ക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റുകളും നശിച്ചിട്ടുണ്ട്. വൈദ്യുതിവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി മുകളിലത്തെ നിലയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു. നാലുവര്‍ഷം പഴക്കമുള്ള സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചതെന്ന് പത്മജ പറഞ്ഞു.
 

Tags