ഒരു ഫോൺകോൾ, പിന്നാലെ കമ്മിഷണർക്ക് സ്ഥാനമാറ്റം ; ജഡ്ജിയുമായുള്ള ഫോൺസംഭാഷണത്തിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്, ‘ഐ വിൽ ടേക്ക് ആക്ഷൻ’ എന്ന് ചെന്നിത്തല; കമ്മിഷണർ പുറത്തായ വഴി

A phone call, followed by the Commissioner’s transfer; report cites a serious lapse during a telephonic conversation with a judge—Chennithala says, "I will take action"—this is how the Commissioner was removed.

അപകടമുണ്ടായതിനു പിന്നാലെ തൃശൂർ റൂറൽ ജില്ലയിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വഴിയാണ് സിറ്റി പൊലീസിലെ ഉദ്യോഗസ്ഥരെ അഡിഷനൽ ജഡ്ജി ബന്ധപ്പെട്ടിരുന്നതെന്നും സൂചനകളുണ്ട്. ഇതിനു പിന്നാലെയാണു ജഡ്ജിയും സിറ്റി പൊലീസ് കമ്മിഷണറും തമ്മിൽ ഫോണിലൂടെ സംസാരിച്ചതെന്നാണ് വിവരം. 

 കൊച്ചി : ചേരാനല്ലൂർ അപകടക്കേസുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിനെ ചുമതലയിൽനിന്ന് മാറ്റിയതിനു പിന്നിൽ ഒരു ഫോൺ സംഭാഷണമാണെന്നാണ് റിപ്പോർട്ട്. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് 17 വയസ്സുകാരനായിരുന്നു. കുട്ടിയുടെ പിതാവായ അഡീഷണൽ ജഡ്ജിയുമായി കമ്മിഷണർ ഫോണിൽ സംസാരിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് നടപടി ഉണ്ടായതെന്നാണ് സൂചന.

ഈ ഫോൺ സംഭാഷണം ഔദ്യോഗിക കൃത്യനിർവഹണത്തിലെ ഗുരുതരമായ വീഴ്ചയായി വിലയിരുത്തപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടൽ സംശയത്തിനിടയാക്കുമെന്നും സ്വാധീനത്തിന് വഴങ്ങിയെന്ന ആരോപണം ഉയരാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് നൽകിയതായാണ് വിവരം.റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ കമ്മിഷണറെ പകരം ചുമതല ഏൽപ്പിക്കാതെയാണ് മാറ്റിയതെന്നാണ് പുറത്തുവരുന്ന വിവരം. 

പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകിയ റിപ്പോർട്ടിനു പുറമേ സ്ഥലത്തെത്തി കാര്യങ്ങൾ പരിശോധിച്ച എഡിജിപി പി.വിജയനും സമാനമായ റിപ്പോർട്ടാണ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയത്. സർക്കാരിനും വകുപ്പിനും പൊലീസ് സേനയ്ക്കും പേരുദോഷമുണ്ടായതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ മന്ത്രി, നടപടി സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ മാത്രമായി ഒതുക്കേണ്ടെന്നും കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ മേലുദ്യോഗസ്ഥർക്കെതിരെയും വേണമെന്നും നിർദേശിക്കുകയായിരുന്നു.

അപകടമുണ്ടായതിനു പിന്നാലെ തൃശൂർ റൂറൽ ജില്ലയിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വഴിയാണ് സിറ്റി പൊലീസിലെ ഉദ്യോഗസ്ഥരെ അഡിഷനൽ ജഡ്ജി ബന്ധപ്പെട്ടിരുന്നതെന്നും സൂചനകളുണ്ട്. ഇതിനു പിന്നാലെയാണു ജഡ്ജിയും സിറ്റി പൊലീസ് കമ്മിഷണറും തമ്മിൽ ഫോണിലൂടെ സംസാരിച്ചതെന്നാണ് വിവരം. 

ഞായറാഴ്ച വൈകിട്ടോടെയാണ് അപകടത്തിനു കാരണമായ കാറോടിച്ച 17കാരന് ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ ജാമ്യം അനുവദിച്ചത്. പക്ഷേ വൈകാതെ വലിയ തോതിൽ പ്രതിഷേധവുമുയർന്നു. കാറിടിച്ചു മരിച്ച ജയബാലകൃഷ്ണന്റെ മക്കളും സ്റ്റേഷനിലേക്കെത്തി. 

തുടർന്ന് എംഎൽഎ ടി.ജെ വിനോദാണ് ആദ്യം സിറ്റി പൊലീസ് കമ്മിഷണറെ ബന്ധപ്പെട്ടത്. പക്ഷേ അദ്ദേഹത്തിന്റെ മറുപടിയിൽ തൃപ്തനല്ലാതെ വന്നതോടെ ആഭ്യന്തരമന്ത്രിയെ നേരിട്ട് വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി. വിഷയം കൈവിട്ടുപോകുമെന്നും പ്രത്യേകിച്ച് നെടുമ്പാശേരി കാറപകടം നടന്നിട്ട് രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇത് എന്നതിനാൽ സർക്കാരിന്റെ പ്രതിച്ഛായയെ പോലും ബാധിക്കുമെന്നും വിനോദ് ചെന്നിത്തലയെ അറിയിച്ചു. 

അപകടം നടന്ന ഞായറാഴ്ച വൈകുന്നേരം ജില്ല പൊലീസ് നേതൃത്വത്തെ ചെന്നിത്തല വിളിച്ചു. സിറ്റി പൊലീസ് കമ്മിഷണറെ തന്റെ അതൃപ്തി അറിയിച്ചു. ഇത്തരമൊരു കേസിൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് എങ്ങനെ എന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. കേസിന്റെ മുഴുവൻ മേൽനോട്ട ചുമതലയും വഹിക്കേണ്ടത് കമ്മിഷണർ എന്ന നിലയിൽ അദ്ദേഹമാണ്. അതിൽ പിഴവു വരാൻ പാടില്ലെന്ന് ചെന്നിത്തല കർശന നിർദേശം നൽകി. 

ഇല്ലെങ്കിൽ ‘ഐ വിൽ ടേക്ക് ആക്ഷൻ എഗെൻസ്റ്റ് യു’ എന്നു പറഞ്ഞായിരുന്നു ചെന്നിത്തല ഫോൺ വച്ചത് എന്നാണ് വിവരം. ഇതിനു പിന്നാലെയാണ് നരഹത്യ കുറ്റം കൂടി പ്രതിക്കെതിരെ ചുമത്തുന്നതും രാത്രി വീണ്ടും കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി ജാമ്യം അനുവദിക്കുന്നതും.

Tags