പി ജി മനുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് ; മാപ്പ് പറയുന്ന വീഡിയോയില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസ്

p g manu
p g manu

ഇന്നലെയാണ് കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടകവീട്ടില്‍ മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പി ജി മനുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. പാരിപ്പളളി മെഡിക്കല്‍ കോളേജിലാകും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടക്കുക. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെയാണ് കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടകവീട്ടില്‍ മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് മനു.

കേസില്‍ ജാമ്യത്തില്‍ തുടരവേ മറ്റൊരു യുവതിയുമായി ബന്ധപ്പെട്ടും പീഡന ആരോപണമുയര്‍ന്നു. ഇതില്‍ യുവതിയോടും കുടുംബത്തോടും മാപ്പുചോദിക്കുന്നുവെന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നുണ്ടായ മനോവിഷമമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്. മനുവിന്റെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൊലീസ് ഉടന്‍ മൊഴിയെടുക്കും.

2018ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശത്തിനായായിരുന്നു അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. നിയമസഹായം നല്‍കാമെന്ന പേരില്‍ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസില്‍ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. മാനസികമായി തകര്‍ന്ന യുവതി വീട്ടുകാരോട് ആദ്യം പീഡന വിവരം പറഞ്ഞിരുന്നില്ല. പിന്നീട് ഒക്ടോബര്‍ ഒന്‍പതിനും പത്തിനും പീഡനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. ബലമായി പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പി ജി മനുവിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിന് പിന്നാലെ മനുവിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ മനുവിനെതിരെ വീണ്ടും പീഡന പരാതി ഉയരുകയായിരുന്നു.

Tags